‘ആ സീൻ ചെയ്യാൻ നല്ല പേടിയുണ്ടായിരുന്നു, ഉറക്കം കിട്ടാത്ത അവസ്ഥയായി’; നിഖില വിമൽ

നടി നിഖില വിമൽ നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ധൂമകേതു റിലീസിനൊരുങ്ങുകയാണ്. സുധി മാഡിസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സജിൻ ഗോപു, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, മഞ്ജു പിള്ള എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വിശേഷങ്ങൾ നിഖില വിമൽ ഒരഭിമുഖത്തിൽ പങ്കുവച്ചത് ശ്രദ്ധനേടുകയാണ്.

ചിത്രത്തിൽ തനിക്കേറ്റവും ടെൻഷൻ തോന്നിയത് വെള്ളത്തിനടിയിലുള്ള സീനുകളിൽ അഭിനയിക്കാനായിരുന്നുവെന്ന് നിഖില പറഞ്ഞു. വെള്ളത്തിലുള്ള സീനുകളുണ്ടെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും നീന്തലറിയില്ലെന്ന് സംവിധായകനെ അറിയിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി.

'എനിക്ക് നീന്തലറിയില്ലെന്ന് അവരോട് പറഞ്ഞപ്പോൾ പഠിക്കാൻ പറഞ്ഞു. രണ്ടുദിവസം സ്വിമ്മിംഗ് പൂളിൽ നീന്തൽ പഠിച്ചു. പക്ഷേ അവർ ഷൂട്ട് ചെയ്തത് കായലിന്റെ നടുക്കായിരുന്നു. ഞാൻ കുളത്തിൽ പോലും നീന്തിയിട്ടില്ല. നേരെ കായലിലേയ്ക്ക് ചാടുന്ന സീനായിരുന്നു എടുക്കാനുണ്ടായിരുന്നത്. നല്ല ടെൻഷനും പേടിയുമുണ്ടായിരുന്നു.

മൂന്ന് ദിവസം ആ ഷോട്ട് എടുക്കാൻ നോക്കിയെങ്കിലും നടന്നില്ല. എല്ലാം സെറ്റ് ചെയ്ത് കായലിന്റെ നടുക്കെത്തും. എന്നാൽ പേടി കാരണം ചാടാൻ കഴിയില്ല. എങ്ങനെ ചാടുമെന്നാലോചിച്ച് ഉറക്കം കിട്ടാത്ത അവസ്ഥയായി. പിന്നീട് എങ്ങനെയൊക്കെയോ ആ സീൻ എടുക്കുകയായിരുന്നു'- നിഖില പറഞ്ഞു.

സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി അവേഴ്സ് എന്റർ ടെയ്ൻമെന്റ്‌സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ധൂമകേതു. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവരാണ് നിർമ്മാതാക്കൾ.

Leave a Reply

Your email address will not be published. Required fields are marked *