ന്യൂഡൽഹി: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്സ് നിർമാതാക്കൾ എസി, എൽഇഡി ടിവി, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. അസംസ്കൃത വസ്തുക്കളുടെ വില വർധനയും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള വിനിമയ നിരക്കിലെ ചാഞ്ചാട്ടവും ചരക്ക് ഗതാഗത ചെലവിലെ വർധനയുമാണ് വില ഉയർത്താനുള്ള പ്രധാന കാരണങ്ങൾ.
ഒക്ടോബർ 1 മുതൽ വില വർധന പ്രാബല്യത്തിൽ വരും. 2026ൽ ഈ മേഖലയിലെ മൂന്നാമത്തെ വില വർധനവാണിത്. എസികളുടെ വിലയിൽ 5 മുതൽ 8 ശതമാനം വരെ വർധനയുണ്ടാകാൻ സാധ്യതയുണ്ട്. വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽഇഡി ടിവി എന്നിവയുടെ വില 3 മുതൽ 4 ശതമാനം വരെ ഉയർത്താൻ ചില കമ്പനികൾ തീരുമാനിച്ചിട്ടുണ്ട്. മറ്റ് കമ്പനികൾ വില വർധന സംബന്ധിച്ച് സാഹചര്യം വിലയിരുത്തുകയാണ്.
ചെമ്പ്, അലുമിനിയം, ഉരുക്ക്, പ്ലാസ്റ്റിക്, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന അസംസ്കൃത വസ്തുക്കളുടെ വില തുടർച്ചയായി ഉയരുന്നതാണ് നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ബ്ലൂ സ്റ്റാർ, ഗോദ്റെജ് അപ്ലയൻസസ്, ഹെയർ, ഡെയ്കിൻ, സൂപ്പർ പ്ലാസ്ട്രോണിക്സ് തുടങ്ങിയ കമ്പനികൾ വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ 4 മുതൽ 10 ശതമാനം വരെ വില വർധന പ്രഖ്യാപിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടുണ്ട്.
അതേസമയം, വില വർധന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് സാഹചര്യം വിലയിരുത്തുകയാണെന്ന് പാനസോണിക് അറിയിച്ചു. എൽജിയും ഹിറ്റാച്ചി ബ്രാൻഡ് എസികളുടെ ഉടമസ്ഥരായ ബോഷ് ഹോം കംഫർട്ടും എസി വിലയിൽ ഏകദേശം 5 ശതമാനം വർധന വരുത്തിയിട്ടുണ്ട്.
അസംസ്കൃത വസ്തുക്കളുടെ ഉയർന്ന ചെലവ് കാരണം എസികളുടെയും ഡീപ് ഫ്രീസറുകളുടെയും വിലയിൽ ഇതിനകം 5 മുതൽ 8 ശതമാനം വരെ വർധന വരുത്തിയതായി ബ്ലൂ സ്റ്റാർ മാനേജിംഗ് ഡയറക്ടർ ബി. ത്യാഗരാജൻ പറഞ്ഞു. ചെമ്പ്, ഉരുക്ക്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ വില വർധിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഉത്സവകാലത്തെ ആവശ്യകതയെ വില വർധന ബാധിച്ചേക്കാമെന്നാണ് ചില കമ്പനികളുടെ വിലയിരുത്തൽ. എന്നാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഡീലർമാരും വിതരണക്കാരും പഴയ വിലയിൽ മുൻകൂട്ടി സ്റ്റോക്ക് ശേഖരിച്ചതിനാൽ ആഘാതം പരിമിതമായിരിക്കുമെന്നാണ് മറ്റൊരു വിലയിരുത്തൽ.
കഴിഞ്ഞ വർഷത്തെ ഉത്സവകാലവുമായി താരതമ്യം ചെയ്യുമ്പോൾ നിർമാണച്ചെലവിൽ ഏകദേശം 15 ശതമാനം വർധനയുണ്ടായതായി ത്യാഗരാജൻ പറഞ്ഞു. ഉപഭോക്താക്കൾക്ക് നിലവിൽ ലഭിക്കുന്ന ജിഎസ്ടി ആനുകൂല്യം കണക്കിലെടുക്കുമ്പോൾ യഥാർഥ അധിക ബാധ്യത ഏകദേശം 5 ശതമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.