തിരുവനന്തപുരം: കുട്ടികളുടെ ആധാർ കാർഡിലെ നിർബന്ധിത ബയോമെട്രിക് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഏഴ് മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് 2027 സെപ്റ്റംബർ 30 വരെ സൗജന്യമായി ബയോമെട്രിക് വിവരങ്ങൾ പുതുക്കാം. നേരത്തെ ഈ മാസം 30 ആയിരുന്നു അവസാന തീയതി.
രാജ്യത്ത് കോടിക്കണക്കിന് കുട്ടികളുടെ ബയോമെട്രിക് വിവരങ്ങൾ ഇനിയും അപ്ഡേറ്റ് ചെയ്യാനുണ്ട്. കേരളത്തിൽ ഏകദേശം 10 ലക്ഷം കുട്ടികളുടെ വിവരങ്ങൾ പുതുക്കാനുണ്ടെന്നാണ് കണക്ക്. വിരലടയാളം, ഇരുകണ്ണുകളുടെയും കൃഷ്ണമണിയുടെ സ്കാൻ, ഫോട്ടോ എന്നിവയാണ് സൗജന്യമായി പുതുക്കുന്നത്.
കുട്ടികൾക്ക് മാതാപിതാക്കളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആദ്യം ആധാർ നൽകുന്നത്. അന്ന് മുഖത്തിന്റെ ചിത്രം മാത്രമാണ് സാധാരണയായി രേഖപ്പെടുത്തുന്നത്. അഞ്ച് വയസ്സ് പൂർത്തിയാകുമ്പോഴാണ് വിരലടയാളവും കൃഷ്ണമണിയുടെ വിവരങ്ങളും ശേഖരിക്കുന്നത്. കുട്ടികൾ വളരുന്നതിനനുസരിച്ച് ബയോമെട്രിക് വിവരങ്ങളിൽ മാറ്റമുണ്ടാകുന്നതിനാലാണ് 15 വയസ്സിലും നിർബന്ധിതമായി പുതുക്കുന്നത്.
നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുമ്പോഴും സ്കോളർഷിപ്പ്, മെഡിക്കൽ ആനുകൂല്യങ്ങൾ, റേഷൻ തുടങ്ങിയ സേവനങ്ങൾ ലഭിക്കുന്നതിനും ആധാർ വിവരങ്ങൾ കൃത്യമായി പുതുക്കിയിരിക്കേണ്ടത് ആവശ്യമാണ്.
ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോഴും മൊബൈൽ സിം എടുക്കുമ്പോഴും വിരലടയാളം കൃത്യമായി പൊരുത്തപ്പെടാത്തത് ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. ആധാർ സേവനകേന്ദ്രങ്ങൾ, സ്കൂളുകളിലെ ക്യാമ്പുകൾ, ബാങ്കുകൾ, പോസ്റ്റോഫീസുകൾ എന്നിവിടങ്ങളിൽ ബയോമെട്രിക് വിവരങ്ങൾ പുതുക്കാനുള്ള സൗകര്യമുണ്ട്.