കൊച്ചി: കൊച്ചിയുടെ അന്തരീക്ഷത്തിലെ മലിനകണങ്ങളിൽ ലോഹാംശമായ ഇരുമ്പിന്റെയും മൈക്രോ പ്ലാസ്റ്റിക്കിൽ പോളിപ്രോപ്പലീന്റെയും അളവ് അപകടകരമാംവിധം അധികമെന്ന് കണ്ടെത്തൽ. നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് മാറാലകൾ ശേഖരിച്ച് നടത്തിയ ശാസ്ത്രീയ ഗവേഷണത്തിലാണ് കണ്ടെത്തൽ. വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയും അവശിഷ്ടങ്ങളുമാണ് വായുവിനെ മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത്.
ഒരുവർഷം മുമ്പാണ് പഠനത്തിന് തുടക്കമിട്ടത്. എല്ലാ ജംഗ്ഷനുകൾക്കും പുറമേ, കൊച്ചിയുടെ സമീപ പ്രദേശങ്ങളെയും പഠനത്തിന് വിധേയമാക്കി. വ്യവസായ മേഖലയായ ജില്ലയിൽ വ്യവസായശാലകളിൽ നിന്ന് പുറന്തള്ളപ്പെടുന്ന അതിസൂക്ഷ്മമായ ലോഹമാലിന്യങ്ങളും മൈക്രോ പ്ലാസ്റ്റിക്കിലെ വിവിധ ഘടകങ്ങളും അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. നിലവിൽ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 130നും 140നും ഇടയിലാണ് തുടരുന്നത്. ഇത് കുട്ടികൾ, വയോധികർ, ശ്വാസകോശ രോഗികൾ തുടങ്ങിയ സംവേദനക്ഷമതയുള്ള വിഭാഗങ്ങൾക്ക് ഹാനികരമായ അവസ്ഥയാണെന്നാണ് വ്യക്തമാകുന്നത്.
അതിവേഗ നഗരവത്കരണവും അനിയന്ത്രിതമായ വാഹനപ്പെരുപ്പവും കൊച്ചിയുടെ വായുവിനെ എത്രത്തോളം വിഷമയമാക്കുന്നു എന്നതിന്റെ ആശങ്കപ്പെടുത്തുന്ന നേർക്കാഴ്ചയാണ് ശാസ്ത്രീയ പഠനവും നിലവിലെ വായു ഗുണനിലവാര സൂചിക കണക്കുകളും. വരുംകാലങ്ങളിൽ വലിയ ആരോഗ്യപ്രതിസന്ധികൾക്ക് ഇത് ഇടയാക്കിയേക്കാമെന്നതിനാൽ നഗരത്തിൽ കർശനമായ പ്രതിരോധ നടപടികൾ അത്യന്താപേക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നു.
പതിയെ രോഗികളാക്കും ഇരുമ്പും പോളിപ്രോപ്പലീനും ഉൾപ്പെടെയുള്ള ഈ മലിനകണങ്ങൾ ശ്വാസത്തിലൂടെ തുടർച്ചയായി മനുഷ്യശരീരത്തിലേക്ക് എത്തിച്ചേരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, വിട്ടുമാറാത്ത ആസ്ത്മ, കഠിനമായ അലർജികൾ തുടങ്ങിയവയ്ക്ക് പുറമെ മറ്റ് മാരക രോഗങ്ങൾക്കും വഴിയൊരുക്കാം എന്നാണ് പഠനം നടത്തിയ വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
മാറാലകൾ പരിശോധിച്ചാൽ അന്തരീക്ഷത്തിലെ മലിനകണങ്ങളെ കൃത്യമായി കണ്ടെത്താനാകും. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനവും ഗവേഷണവും
ഡോ. എം.ജി. മാത്യു
ചിലന്തിഗവേഷണ
വിഭാഗം മേധാവി
ഭാരത് മാതാ കോളേജ്