ഒരു ദുര്‍ബലനിമിഷത്തില്‍…. പി.എം. ശ്രീയില്‍ ഒപ്പിട്ടതു തെറ്റ്‌; ഏറ്റുപറഞ്ഞ്‌ ഇടത്‌ കണ്‍വീനര്‍

കോഴിക്കോട്‌: പി.എം. ശ്രീ പദ്ധതിയില്‍ പിണറായി സര്‍ക്കാര്‍ ഒപ്പിട്ടതു ശരിയായില്ലെന്ന്‌ ഇടതുമുന്നണി കണ്‍വീനര്‍ ടി.പി. രാമകൃഷ്‌ണന്‍. പദ്ധതിയില്‍ ഇടതുസര്‍ക്കാര്‍ അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണെന്നും രാമകൃഷ്‌ണന്‍ ഏറ്റുപറഞ്ഞു.

ബി.ആര്‍.സികളില്‍ ജോലിചെയ്യുന്ന ആയിരക്കണക്കിനു ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കാന്‍ പറ്റിയിരുന്നില്ല. അതിന്‌ കേന്ദ്രസഹായം ലഭിക്കണമായിരുന്നു. അങ്ങനെയൊരു സാഹചര്യത്തില്‍, ചെയ്‌തത്‌ ശരിയായില്ലെങ്കില്‍പോലും ഒരു ദുര്‍ബലനിമിഷത്തില്‍ പി.എം. ശ്രീയില്‍ ഒപ്പിട്ടുപോയി. അത്‌ ശരിയായില്ലെന്നാണ്‌ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിലപാടെന്നു രാമകൃഷ്‌ണന്‍ വ്യക്‌തമാക്കി.

അധികാരത്തില്‍ വരുന്നതിനു മുമ്പ്‌ കോണ്‍ഗ്രസും മുസ്ലിം ലീഗും പി.എം. ശ്രീയെ ശക്‌തമായി എതിര്‍ത്തിരുന്നു. ഇപ്പോള്‍ അവര്‍ നിലപാട്‌ മാറ്റി. കരാര്‍ ഒപ്പിട്ടതിനെ നിയമസഭയില്‍പോലും എതിര്‍ത്ത ലീഗിന്‌ ഇപ്പോള്‍ ഭരണംമാത്രമാണ്‌ ലക്ഷ്യം. ഭരണത്തിനായി എന്ത്‌ വൃത്തികേടും കാണിക്കാമെന്ന ലീഗ്‌ നിലപാട്‌ സമൂഹത്തോടുള്ള അപരാധമാണ്‌. വഖഫ്‌ ബോര്‍ഡില്‍ അമുസ്ലിംകളെയും നിയോഗിക്കണമെന്ന കേന്ദ്രനിലപാടിനെ എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ എതിര്‍ത്തു. എന്നാല്‍, കോണ്‍ഗ്രസും ലീഗും മതനിരപേക്ഷനിലപാടിന്‌ എതിരായ സമീപനമാണ്‌ ഇപ്പോള്‍ സ്വീകരിക്കുന്നത്‌. അധികാരം പിടിച്ചുനിര്‍ത്താന്‍ ആര്‍.എസ്‌.എസ്‌, സംഘപരിവാര്‍ ശക്‌തികളുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാടാണ്‌ യു.ഡി.എഫിന്റേതെന്നും രാമകൃഷ്‌ണന്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *