ന്യൂഡൽഹി: പി.എസ്.സി നിയമനവുമായി ബന്ധപ്പെട്ട് അന്വേഷണം പൂർത്തിയാകുമ്പോൾ കേരളം ഞെട്ടുന്ന വിവരങ്ങൾ പുറത്തുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ലഭിച്ച പ്രാഥമിക വിവരങ്ങൾ അത്തരത്തിലാണ്. കേരളം തകർന്നു പോകുന്ന കാര്യങ്ങളാണവ. കഴിഞ്ഞ സർക്കാർ യുവജനങ്ങളെ ചതിച്ചവരാണ്.ഇല്ലാത്ത ഒഴിവുകളുടെ പേരിൽ വരെഅപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിച്ചാൽ മുഖ്യമന്ത്രിയായാലും പോകണം. എല്ലാ കുഴപ്പങ്ങളും വരുത്തിവച്ചിട്ട് പോകില്ലെന്ന് പറയാൻ പി.എസ്.സി ചെയർമാൻ കൊമ്പത്തെ ആളാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു.. അവരുടെ കാലത്തെ കുഴപ്പങ്ങൾ പരിഹരിക്കാതെയാണ് പ്രതിപക്ഷ നേതാവ് സമര പന്തലിൽ പോയിരിക്കുന്നത്. വളർമതി ടീച്ചർക്ക് സംസാരിക്കാൻ സമയം നൽകിയില്ലെന്ന ആരോപണം ശരിയല്ല. എട്ടു തവണ വിദ്യാഭ്യാസ മന്ത്രി സംസാരിച്ചിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. .
ഗുരുവായൂർ നിയമനം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് ഏകപക്ഷീയമായി പട്ടിക തയ്യാറാക്കിയതിനാൽ മന്ത്രിമാർ ഒപ്പിട്ടില്ലെന്ന പ്രതിപക്ഷ ആരോപണം പച്ചക്കള്ളമെന്നും അദ്ദേഹം വ്യക്തമാക്കി.. ഫയൽ തയ്യാറാക്കിയത് പ്രധാന നേതാക്കളുമായി ആലോചിച്ച് ദേവസ്വം വകുപ്പാണ്. അന്ന് ഒരു മന്ത്രിയേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ ഇന്ന് എത്തി തർക്കമില്ലാതെ ഒപ്പിട്ടു. വൈദ്യുതി കരാർ സംബന്ധിച്ച ഫയലും മന്ത്രി തീരുമാനിച്ച് അഭിപ്രായം അറിയാനാണ് തന്റെ അടുക്കലേക്ക് അയച്ചത്. അഭിപ്രായം രേഖപ്പെടുത്തി തിരിച്ചയച്ച ശേഷമാണ് കരാർ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഒപ്പിടാത്ത കരാറിൽ നിന്ന് പിൻമാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. വി.ഇ.എച്ച് ഗ്ളോബലുമായി 456 കോടിയുടെ കരാർ ഒപ്പിട്ടെന്നും 250 കോടി നഷ്ടമുണ്ടായെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചതും തെറ്റാണ്. ആകെ അഞ്ചുകോടി രൂപയുടെ വൈദ്യുതിയാണ് വാങ്ങിയതെന്നും വി.ഡി. സതീശൻ പറഞ്ഞു.