ഹൈദരാബാദ്: യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന പവർ ബാങ്ക് പൊട്ടിത്തെറിച്ച് ഇൻഡിഗോ വിമാനത്തിലെ ലഗേജ് അറയിൽ തീപിടിത്തം. സംഭവത്തെ തുടർന്ന് ഡൽഹിയിൽനിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ഇൻഡിഗോയുടെ 6E 6115, വിമാനത്തിലാണ് സംഭവം. എയർബസ് A321-251N വിഭാഗത്തിൽപ്പെട്ട വിമാനം ഉച്ചയ്ക്ക് 1.30നാണ് ഡൽഹിയിൽനിന്ന് പുറപ്പെട്ടത്. വൈകിട്ട് നാലിന് ചെന്നൈയിലെത്തേണ്ടതായിരുന്നു. യാത്രയ്ക്കിടെ വിമാനത്തിനുള്ളിലെ ലഗേജ് അറയിൽനിന്ന് പുക ഉയരുകയും തീ പടരുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തീ അണയ്ക്കാൻ ചില യാത്രക്കാർ കൈവശമുണ്ടായിരുന്ന ബാഗുകൾ ഉപയോഗിച്ച് ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനത്തിലെ ജീവനക്കാർ അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കി.
യാത്രക്കാരുടെ ചെന്നൈയിലേക്കുള്ള യാത്ര തുടരാൻ മറ്റൊരു വിമാനം ഏർപ്പെടുത്തുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തെത്തുടർന്ന് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഇൻഡിഗോ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാർക്ക് ലഘുഭക്ഷണവും പാനീയങ്ങളും നൽകുന്നതിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനും നടപടികൾ സ്വീകരിച്ചതായി ഇൻഡിഗോ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുഖ്യ പരിഗണനയെന്നും പ്രസ്താവനയിൽ വിമാന കമ്പനി വ്യക്തമാക്കി.