നടക്കാന്‍ കഴിയാത്ത അമ്മയെ വിട്ടുപോകാന്‍ യുവാവായ മകന്‍ കൂട്ടാക്കിയില്ല ; നോയിഡ ബസ് തീപിടിത്തത്തില്‍ മാതാവിനും പുത്രനും ദാരുണാന്ത്യം

ന്യൂഡല്‍ഹി: കഴിഞ്ഞദിവസം രാജ്യത്തെ ഞെട്ടിച്ച നോയ്ഡ ബസ് തീപിടുത്തത്തില്‍ വെന്തുമരിച്ചവരില്‍ നടക്കാന്‍ കഴിയാത്ത അമ്മയും അവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച് അപകടത്തില്‍ പെട്ട് മകനും. അപകടം നടക്കുന്ന സമയത്ത് ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് വരികയായിരുന്ന ബസ്സില്‍ 35-ലധികം യാത്രക്കാരുണ്ടായിരുന്നു. മഹോബ ബി.ജെ.പി ജില്ലാ ട്രഷറര്‍ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകന്‍ ശശാങ്കുമാണ് മരണമടഞ്ഞത്.

ചര്‍ഖാരി ടൗണിലെ രാജ്മന്ദിര്‍ പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. നടക്കാന്‍ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിന്നിലെ സീറ്റിലാണ് സുനിതയും ശശാങ്കും ഇരുന്നിരുന്നത്. തീ പടര്‍ന്നപ്പോള്‍ യാത്രക്കാരോട് പുറത്തിറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയെ പുറത്തിറക്കാന്‍ ശശാങ്ക് ശ്രമിച്ചെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം സമയബന്ധിതമായി എടുത്തുകൊണ്ട് പുറത്തിറങ്ങാന്‍ കഴിയാതെ വരികയായിരുന്നു. പിന്നീട് പുക ശ്വസിച്ച് ഇരുവരും കുഴഞ്ഞുവീഴുകയും ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തു.

സംഭവത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീ അണക്കാനും യാത്രക്കാരെ രക്ഷിക്കാനും ഫയര്‍ഫോഴ്‌സ് സംഘങ്ങള്‍ എത്തുമ്പോഴേക്കും ബസ് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞിരുന്നു. ബസ്സിലെ എയര്‍ കണ്ടീഷനിങ് സിസ്റ്റത്തിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *