കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതിയെ സമീപിച്ച് അതിജീവിതയുടെ അഭിഭാഷക. സ്വമേധയ കോടതിയലക്ഷ്യ നടപടി ആരംഭിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ടി ബി മിനിയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ കോടതിയിൽ ഇരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പത്ത് ദിവസത്തിൽ താഴെ മാത്രമാണ് വിചാരണയ്ക്കായി ഹാജരായതെന്നുമുള്ള ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നാണ് ഹർജിയിലെ ആരോപണം.
വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസ് രജിസിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. 2026 ജനുവരി 12ന് ജഡ്ജി ഹണി എം വർഗീസ് നടത്തിയ പരാമർശം തന്റെ തൊഴിൽമേഖലയിലെ വിശ്വാസ്യതയെ ബാധിച്ചെന്നും പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമുണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും അഡ്വ. ടി ബി മിനി ഹർജിയിൽ പറയുന്നു.
നേരത്തെ ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് ഇവർ പരാതി നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കണമെന്ന ആവശ്യം എ ജി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും.