നാസയുടെ ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു: ബെംഗളൂരുവും ചെന്നൈയും സാധ്യതയുള്ള അവശിഷ്ട മേഖലയിൽ

വാഷിംഗ്ടൺ: നാസയുടെ 'നീൽ ഗെഹ്‌റൽസ് സ്വിഫ്റ്റ് ഒബ്‌സർവേറ്ററി' എന്ന ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ പതിക്കാനൊരുങ്ങുന്നു. 1.5 ടൺ ഭാരമുള്ള ബഹിരാകാശ ദൂരദർശിനി ഭൂമിയിൽ പതിക്കാനായി താഴേക്കുള്ള പ്രയാണത്തിലാണ്. ആഫ്രിക്ക, ഓസ്‌ട്രേലിയ, ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യ, മധ്യ-തെക്കേ അമേരിക്ക എന്നിവയുടെ ചില ഭാഗങ്ങൾ ദൂരദർശിനി പതിക്കാൻ സാധ്യതയുള്ള മേഖലയിൽ പെടുന്നുവെന്ന് ദൗത്യത്തിന്റെ മുഖ്യ ശാസ്ത്രജ്ഞനായ ബ്രാഡ് സെൻകോ പറഞ്ഞു.

യുഎസ് ബഹിരാകാശ ഏജൻസിയുടെ കണക്കുകൂട്ടൽ പ്രകാരം നവംബർ 4-ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2:00 മണിയോടെ ഇത് ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. എന്നാൽ, പുനഃപ്രവേശനം നടക്കാൻ 11 മണിക്കൂറിന്റെ സമയപരിധിയുണ്ട് . ദൂരദർശിനിയുടെ ഭൂരിഭാഗവും ഭ്രമണപഥത്തിൽ വെച്ച് തന്നെ കത്തിയമരുമെങ്കിലും ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് കണക്കുകൂട്ടൽ. 1,500 കിലോഗ്രാം ഭാരമുള്ള ദൂരദർശിനിയുടെ 100 കിലോഗ്രാം ഭാഗമെങ്കിലും അന്തരീക്ഷത്തെ അതിജീവിച്ച് ഭൂമിയിലെത്തിയാൽ അത് അത്ഭുതമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, പടിഞ്ഞാറൻ തീരത്തെ ദാമൻ മുതൽ കിഴക്കൻ തീരത്തെ ഒഡീഷയിലെ കട്ടക്ക് വരെ നീളുന്ന സങ്കൽപ്പിക രേഖയ്ക്ക് തെക്കോട്ടുള്ള പ്രദേശങ്ങൾ ഈ മേഖലയിൽ ഉൾപ്പെടുന്നു. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ എന്നീ നഗരങ്ങൾ ഈ മേഖലയ്ക്കുള്ളിലാണ് വരുന്നത്. അതേസമയം ഡൽഹി, കൊൽക്കത്ത തുടങ്ങി ഭൂരിഭാഗം ഉത്തരേന്ത്യൻ പ്രദേശങ്ങളും ഇതിന് പുറത്താണ്. അതേസമയം, നീൽ ഗെഹ്‌റൽസ് ദൂരദർശിനി സമുദ്രത്തിൽ പതിക്കാനാണ് സാധ്യതയെന്നാണ് ചില വിദഗ്ധർ കരുതുന്നത്.

എന്നിരുന്നാലും, ഈ അക്ഷാംശ മേഖലയിൽ ഉൾപ്പെടുന്നു എന്നതിനർത്ഥം ഈ നഗരങ്ങളിൽ നേരിട്ട് അവശിഷ്ടങ്ങൾ പതിക്കും എന്നല്ല. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ദൂരദർശിനിയുടെ കൃത്യമായ സ്ഥാനത്തെ ആശ്രയിച്ചായിരിക്കും അവശിഷ്ടങ്ങൾ എവിടെ വീഴുമെന്ന് തീരുമാനിക്കപ്പെടുന്നത്. അന്തരീക്ഷത്തിലേക്ക് പുനഃപ്രവേശിക്കുന്ന വസ്തുക്കളെ നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് സ്വന്തമായി സംവിധാനങ്ങളുണ്ട്. ശ്രീഹരിക്കോട്ടയിലുള്ള ഐഎസ്ആർഒയുടെ 'മൾട്ടി-ഒബ്‌ജക്റ്റ് ട്രാക്കിംഗ് റഡാർ' (MOTR), ഉപഗ്രഹങ്ങളും റോക്കറ്റ് അവശിഷ്ടങ്ങളും ഭൂമിയിൽ പതിക്കുന്നതിന് മുമ്പുള്ള അവസാന ഭ്രമണപഥങ്ങളിൽ അവയെ ട്രാക്ക് ചെയ്യാറുണ്ട്.

2004 നവംബർ 20-നാണ് (ഏകദേശം 22 വർഷങ്ങൾക്ക് മുമ്പ്) ഇത് വിക്ഷേപിച്ചത്. തുടക്കത്തിൽ 'സ്വിഫ്റ്റ് ഗാമാ-റേ ബർസ്റ്റ് എക്സ്പ്ലോറർ' എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. രണ്ട് വർഷത്തെ ദൗത്യത്തിനായി ലക്ഷ്യമിട്ടതാണെങ്കിലും 22 വർഷത്തോളം വിജയകരമായി പ്രവർത്തിച്ചു. ഈ കാലയളവിൽ 2,000-ത്തിലധികം ഗാമാ-റേ വിസ്ഫോടനങ്ങളും 1,400 സൂപ്പർനോവകളും ഈ ദൂരദർശിനി നിരീക്ഷിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *