കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495 2373 901, 9072007767 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പര്‍.