പി.എം.ശ്രീ വിവാദം: ടിപി രാമകൃഷ്ണന്റെയും ശിവന്‍കുട്ടിയുടേയും തര്‍ക്കം ; സിപിഐഎമ്മിനുള്ളില്‍ അതൃപ്തി

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ പി.എം.ശ്രീ വിവാദത്തില്‍ ഇടതുപക്ഷത്തില്‍ തര്‍ക്കം. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനെയും മുന്‍മന്ത്രി വി. ശിവന്‍കുട്ടിയെയും വിമര്‍ശിച്ച് പാര്‍ട്ടി തന്നെ രംഗത്ത് വന്നു. ചര്‍ച്ചചെയ്യുകയും കഴിഞ്ഞുപോയതുമായ കാര്യം വീണ്ടും വലിച്ചിഴച്ച് കുഴപ്പമുണ്ടാക്കിയതില്‍ അതൃപ്തിയും പാര്‍ട്ടി ഫോറങ്ങളില്‍ ഉയര്‍ന്നിരിക്കുകയാണ്.

പി.എം.ശ്രീ പദ്ധതി ഒരു ദുര്‍ബ്ബലനിമിഷത്തില്‍ പറ്റിപ്പോയതാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയാണ് പുതിയ വിവാദം ഉയര്‍ത്തിവിട്ടത്. ഇത് സിപിഐ കയറിപ്പിടിക്കുകയും ബിനോയ്‌വിശ്വം ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയുമുണ്ടായതോടെയാണ് ഇടതുപക്ഷത്ത് വീണ്ടും ചര്‍ച്ചയുണ്ടായത്. ബി.ആര്‍.സികളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും കേന്ദ്ര സഹായം ലഭിക്കാനുമുള്ള സാഹചര്യത്തില്‍, ഒരു 'ദുര്‍ബല നിമിഷത്തില്‍' അബദ്ധത്തില്‍ ഒപ്പിട്ടുപോയതാണ് പിഎം ശ്രീ പദ്ധതിയെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുന്നണിയില്‍ വേണ്ടത്ര ചര്‍ച്ച നടത്താതെ ഒപ്പിട്ടത് ശരിയായില്ലെന്നും, പിന്നീട് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് അത് തിരുത്താന്‍ തീരുമാനിച്ചെ ന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഈ നിലപാടിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ദുര്‍ബ്ബലനിമിഷത്തില്‍ പറ്റിപ്പോയതല്ലെന്നും കൃത്യമായി ആലോചിച്ച് എടുത്ത തീരുമാനം ആണെന്നും സംസ്ഥാനത്തിന്റെ അപ്പോഴത്തെ സാമ്പത്തീക സ്ഥിതി അനുസരിച്ചായിരുന്നു അതെന്നും വി. ശിവന്‍കുട്ടി ഇതിന് മറുപടിയുമായി വരികയും ചെയ്തു.

സമഗ്ര ശിക്ഷാ കേരളം വഴിയുള്ള കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് തടഞ്ഞുവെക്കപ്പെട്ട പ്രത്യേക സാഹചര്യത്തിലാണ് ധാരണാപത്രത്തില്‍ ഒപ്പിടേണ്ടി വന്നതെന്നും, പിന്നീട് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായപ്പോഴാണ് പിന്മാറിയതെന്നുമാണ് ശിവന്‍കുട്ടി വിശദീകരിച്ചത്.

മാപ്പുകൾ കാണുക

ഇരു നേതാക്കളും വ്യത്യസ്ത അഭിപ്രായങ്ങളുമായി പരസ്യമായി രംഗത്തെത്തിയത് മുന്നണിക്കുള്ളിലും പാര്‍ട്ടിക്കുള്ളിലും ചര്‍ച്ചയായതോടെയാണ് സി.പി.ഐ.(എം) നേതൃത്വം ഇടപെട്ടത്. പദ്ധതിയില്‍ ഒപ്പിട്ടത് അബദ്ധമാണെന്ന കണ്‍വീനറുടെ വാദത്തെയും, അതിനെ ന്യായീകരിച്ചുകൊണ്ടുള്ള മുന്‍ മന്ത്രിയുടെ പരസ്യ പ്രതികരണത്തെയും പൂര്‍ണ്ണമായി അംഗീകരിക്കാതെ, മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എടുത്ത തിരുത്തല്‍ തീരുമാനമാണ് ഔദ്യോഗിക നിലപാടെന്ന് പാര്‍ട്ടി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *