സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനുള്ള ഫീസ് കുത്തനെ വർധിപ്പിച്ച് റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. ചില വിഭാഗങ്ങളിൽ മൂന്നിരട്ടി വരെയാണ് വർധന. പുതിയ നിരക്കുകൾ ഒക്ടോബർ 12 മുതൽ നിലവിൽ വരും.
ലൈനിൽനിന്ന് 200 മീറ്ററിനുള്ളിൽ പോസ്റ്റും മറ്റ് ഉപകരണങ്ങളും ആവശ്യമുള്ളതും ഇല്ലാത്തതുമായ കണക്ഷനുകൾക്ക് ഏകീകൃത നിരക്കാണ് ഇനി ഈടാക്കുക. കിലോവാട്ട് അടിസ്ഥാനത്തിൽ നിരക്ക് ഏകീകരിച്ചതോടെ അപേക്ഷയ്ക്കൊപ്പം തന്നെ ഫീസ് അടയ്ക്കാനാകും. 200 മീറ്ററിന് അപ്പുറം കൂടുതൽ പോസ്റ്റുകളും ഉപകരണങ്ങളും ആവശ്യമായ കണക്ഷനുകൾക്ക് നിലവിലെ നിരക്ക് തുടരും.
രണ്ട് കിലോവാട്ട് വരെയുള്ള സിംഗിൾ ഫെയ്‌സ് ഗാർഹിക കണക്ഷന് 2,000 രൂപയാണ് പുതിയ ഫീസ്. രണ്ട് കിലോവാട്ടിന് മുകളിലും അഞ്ച് കിലോവാട്ട് വരെയുമുള്ള കണക്ഷന്റെ ഫീസ് 1,740 രൂപയിൽ നിന്ന് 5,000 രൂപയാക്കി.
ഉയർന്ന ലോഡുള്ള കണക്ഷനുകൾക്കും വൻ വർധനയുണ്ട്. 50 കിലോവാട്ട് കണക്ടഡ് ലോഡുള്ള കണക്ഷന് നിലവിൽ 21,750 രൂപയായിരുന്ന ഫീസ് ഇനി 2.11 ലക്ഷം രൂപയായി ഉയരും. ഈ വിഭാഗത്തിൽ ട്രാൻസ്‌ഫോർമറോ മറ്റ് ഉപകരണങ്ങളോ ആവശ്യമായാൽ അതിനായി അധിക തുക ഈടാക്കില്ല.
ഗാർഹിക കണക്ഷനുകളുടെ നിരക്കുകൾ രണ്ടുമാസത്തിനകം വീണ്ടും പരിഷ്കരിച്ച് ശുപാർശ നൽകാനും റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്.