മൂന്നു വര്‍ഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്ന് ലാഭവീതമായി സര്‍ക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. ആറാം വര്‍ഷവും ലാഭവീത വരുമാനം ബജറ്റ് പ്രതീക്ഷകള്‍ മറികടക്കുകയും ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്.
ലാഭവീതം ഇങ്ങനെ
സാമ്പത്തിക വര്‍ഷം ആകെ ഡിവിഡന്റ് (ലിസ്റ്റഡ് PSUs സര്‍ക്കാരിന്റെ
വിഹിതം (Rs.Cr)
FY24 1.34 ലക്ഷം കോടി 82,451
FY25 1.33 ലക്ഷം കോടി 83,496
FY26 1.43 ലക്ഷം കോടി 89,501
ആകെ 2,55,448
2020-21 സാമ്പത്തിക വര്‍ഷം 29,547 കോടി രൂപയായിരുന്ന ലാഭവീതം 2022ല്‍ 56,555 കോടി രൂപയായും 2023ല്‍ 59,822 കോടി രൂപയായും ഉയര്‍ന്നു. 2024 മുതലാണ് 80,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്.
ലാഭവീത അനുപാതത്തിലെ കുറവ്
സ്ഥാപനങ്ങളുടെ ലാഭം വര്‍ധിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്ന ലാഭവീത അനുപാതത്തില്‍ കുറവുണ്ടായിട്ടുണ്ട്. 2024ല്‍ 32 ശതമാനമായിരുന്ന അനുപാതം 2025ല്‍ 30.3 ശതമാനമായും 2026ല്‍ 28 ശതമാനമായും കുറഞ്ഞു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
കുറയാനുള്ള കാരണങ്ങള്‍:
• ബാങ്കുകളുടെയും ഇന്‍ഷുറന്‍സ് കമ്പനികളുടെയും (പ്രത്യേകിച്ച് എല്‍.ഐ.സി) ഉയര്‍ന്ന മൂലധന പര്യാപ്തത (Capital Adequacy Requirements) ആവശ്യമായി.
• പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വര്‍ധിച്ചുവരുന്ന മൂലധനച്ചെലവ് (Capital Expenditure).
• ഭാവിയിലെ ലാഭക്ഷമതയ്ക്കായുള്ള മുന്‍കരുതല്‍ നടപടികള്‍.
കൂടുതല്‍ നല്‍കിയ സ്ഥാപനങ്ങള്‍
2025-26 സാമ്പത്തിക വര്‍ഷം സര്‍ക്കാരിലേക്ക് കൂടുതല്‍ ലാഭവിഹിതം നല്‍കിയ സ്ഥാപനങ്ങള്‍:
കോള്‍ ഇന്ത്യ: സര്‍ക്കാരിന് നല്‍കിയ വിഹിതം 10,310 കോടി രൂപ (ആകെ ഡിവിഡന്റ്:16,669 കോടി രൂപ).
ഒ.എന്‍.ജി.സി: സര്‍ക്കാര്‍ വിഹിതം 9,817 കോടി രൂപ (ആകെ ഡിവിഡന്റ്: 16,331 കോടി രൂപ).
എസ്.ബി.ഐ: സര്‍ക്കാര്‍ വിഹിതം 8,892 കോടി രൂപ (ആകെ ഡിവിഡന്റ്: 16,015 കോടി).
എല്‍.ഐ.സി: സര്‍ക്കാര്‍ വിഹിതം 6,103 കോടി രൂപ (ആകെ ഡിവിഡന്റ്: 6,325 കോടി).
മറ്റ് സ്ഥാപനങ്ങള്‍: എന്‍.ടി.പി.സി (4,460 കോടി), പവര്‍ ഗ്രിഡ് (4,298 കോടി), ബി.പി.സി.എല്‍ (3,962 കോടി), പി.എഫ്.സി (3,427 കോടി).
ഐ.ആര്‍.ഇ.ഡി.എ, ഹിന്ദുസ്ഥാന്‍ കോപ്പര്‍, റെയില്‍ടെല്‍ എന്നീ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒഴിവാക്കിയ ഡിവിഡന്റ് വിതരണം ഈ വര്‍ഷം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ഐ.ഒ.സി.എല്‍, ഗെയ്ല്‍, കൊച്ചിന്‍ ഷിപ്പ്യാഡ് തുടങ്ങി 11 സ്ഥാപനങ്ങളുടെ ഡിവിഡന്റ് വിതരണത്തില്‍ കുറവുണ്ടായി.
ലാഭവീതം: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍
ഡിവിഡന്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്:
• എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വാര്‍ഷിക അറ്റാദായത്തിന്റെ 30 ശതമാനമോ അല്ലെങ്കില്‍ മൊത്തം ആസ്തിയുടെ നാല് ശതമാനമോ ഏതാണോ ഉയര്‍ന്നത്, അത് ഡിവിഡന്റായി നല്‍കണം.
• ലാഭക്ഷമത, മൂലധനച്ചെലവുമായി ബന്ധപ്പെട്ട ആവശ്യം, കൈവശമുള്ള പണം, മൊത്തം ആസ്തി എന്നിവ പരിഗണിച്ചായിരിക്കണം ലാഭവീതം നിശ്ചയിക്കേണ്ടത്.
• കൃത്യമായ ഡിവിഡന്റ് വിതരണം നിക്ഷേപക താത്പര്യം കൂട്ടാനും വിപണിയില്‍ പൊതുമേഖലാ ഓഹരികളുടെ മൂല്യം ഉയര്‍ത്താനും സഹായിക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ നികുതിയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവീതം. റിസര്‍വ് ബാങ്കില്‍ നിന്നുള്ള മിച്ച വരുമാനത്തോടൊപ്പം ഡിവിഡന്റ് വരുമാനവും സര്‍ക്കാരിന്റെ ധനക്കമ്മി കുറയ്ക്കാന്‍ സഹായിക്കുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷംമൂലം അസംസ്‌കൃത എണ്ണ വില വര്‍ധിക്കുകയും വരുമാനത്തില്‍ കുറവുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഉയര്‍ന്ന ഡിവിഡന്റ് വരുമാനം 2027 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പിയുടെ 4.5 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാന്‍ സര്‍ക്കാരിന് സഹായകരമാകും.