ന്യൂഡൽഹി: സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള തടസങ്ങൾക്ക് പിന്നാലെ മുകേഷ് അംബാനിയെ രൂക്ഷമായി വിമർശിച്ച് ഇലോൺ മസ്ക്. 'പ്രധാനമന്ത്രി അംബാനി' എന്ന് പരാമർശിച്ചുകൊണ്ടാണ് അദ്ദേഹം എക്സിൽ കുറിപ്പ് പങ്കുവച്ചത്. അംബാനിയാണ് ഇന്ത്യയുടെ യഥാർത്ഥ ബോസെന്ന വാസ്തവം തിരിച്ചറിയാത്തതിൽ എന്റെ എളിയ ക്ഷമാപണം സ്വീകരിക്കണമെന്നും മസ്ക് പരിസഹിച്ചു.
'ഇന്ത്യക്കാരെ ചൂഷണം ചെയ്തുകൊണ്ടുള്ള നിങ്ങളുടെ കുത്തകാവകാശം നിലനിർത്താൻ നിങ്ങൾ സ്വാഭാവികമായും ആഗ്രഹിക്കും. എന്നിരുന്നാലും സ്റ്റാർലിങ്കിന് കൂടി പ്രവർത്തനാവകാശം നൽകാൻ നിങ്ങൾ തയ്യാറാകുമോ? മറ്റ് രാജ്യങ്ങളിലേതുപോലെ തന്നെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. അത് കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങളും തങ്ങളുടെ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ വിൽക്കാനുള്ള ചെറുകിട വ്യവസായികളുടെ അവസരങ്ങളും ഇല്ലാതാകുന്നു. നല്ല ഭാവിക്കായി അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് സ്റ്റാർലിങ്ക് ആഗ്രഹിക്കുന്നത്' – മസ്ക് കുറിച്ചു.
സ്റ്റാർലിങ്ക് ഇന്റർനെറ്റ് ഇന്ത്യയിൽ ആരംഭിക്കുന്നതിന് ഇന്ത്യയിലെ കുത്തക പുലർത്തുന്ന ടെലികോം ഭീമന്മാരാണ് തടസം നിൽക്കുന്നതെന്നാണ് മസ്കിന്റെ ആരോപണം. ഡയറക്ട് ടു ഹോം ഡിഷ് ടിവിയുടേതെന്ന പോലെ കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിന വഴിയാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ കടമ്പ കടന്നിട്ടില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി സ്പെക്ട്രം വില അന്തിമമാക്കിയാലുടൻ രാജ്യത്ത് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭിക്കുമെന്നാണ് കഴിഞ്ഞ ഡിസംബറിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. പക്ഷേ, ഇതിൽ തുടർനടപടി ഉണ്ടായില്ല. റിലയൻസും എയർടെലും സമാനമായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനം വികസിപ്പിച്ചിട്ടുണ്ട്.