ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് 17 കാരിക്ക് വൃക്കതകരാര്‍ ; സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം : മലപ്പുറത്ത് ഫെയര്‍നെസ് ക്രീം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ വൃക്ക തകരാറിലായ സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. ക്രീമിലെ രാസഘടകങ്ങള്‍ ഗുരുതരമായി കുട്ടിയെ ബാധിച്ചതായി കണ്ടെത്തിയ സംഭവത്തില്‍ ബന്ധപ്പെട്ടവര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡ്രഗ് കണ്‍ട്രോളര്‍ ഓഫീസര്‍, ഡിജിപി എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് അധികൃതരോടാണ് വിശദീകരണം ആവശ്യപ്പെട്ടിരി ക്കുന്നത്. എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. മാധ്യമവാര്‍ത്തകളുെട അടിസ്ഥാനത്തിലാണ് നടപടി. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുടെ പ്രമോഷണല്‍ വീഡിയോ കണ്ട് ഫെയര്‍നസ് ക്രീം വാങ്ങി ഉപയോഗിച്ച 17 കാരിക്ക് ഗുരുതര വൃക്കരോഗം പിടിപെട്ടത്. ക്രീമില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ മെര്‍ക്കുറി അടങ്ങിയതാണ് അപകടംവരുത്തിവച്ചത്.

ക്രീം ഒരു വര്‍ഷത്തോളം ഉപയോഗിച്ചപ്പോഴാണ് പെണ്‍കുട്ടി രോഗാവസ്ഥയിലായത്. വൃക്കകളുടെ അരിപ്പകളെ ബാധിച്ച് മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന 'മെംബ്രനസ് നെഫ്രോപ്പതി' ആണ് പെണ്‍കുട്ടിയെ ബാധിച്ചത്. പരിശോധിച്ച ഡോക്ടര്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ മെര്‍ക്കുറി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫെയര്‍നസ് ക്രീമാണ് വില്ലനെന്ന് തിരിച്ചറിഞ്ഞത്.

ഒരു വര്‍ഷത്തോളമായി ക്രീം ഉപയോഗിച്ചിരുന്ന പെണ്‍കുട്ടിക്ക് ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളാണ് ആദ്യം അനുഭവപ്പെട്ടത്. പിന്നീട് മുഖത്തും കൈകാലുകളിലും നീരും ഓര്‍മ്മക്കുറവും മറ്റ് ശാരീരിക അസ്വസ്ഥതകളും കണ്ടുതുടങ്ങിയതോടെയാണ് ചികിത്സ തേടിയത്.

ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കമ്പനിയെ ബന്ധപ്പെട്ടെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ലെന്നും സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു. സമയബന്ധിതമായി ചികിത്സ ലഭിച്ചില്ലെങ്കില്‍ വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനും നാഡീവ്യൂഹത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Leave a Reply

Your email address will not be published. Required fields are marked *