സ്ഥലപരിമിതി കൃഷിക്ക് തടസ്സമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം കണ്ണമ്മൂല സ്വദേശിനിയായ സുമം എസ്.പി. വീടിന്റെ ടെറസിൽ വാഴയും കറിവേപ്പിലയും കാന്താരി മുളകും ഡ്രാഗൺ ഫ്രൂട്ടും കുമ്പളവും പൈനാപ്പിളും ഉൾപ്പെടെ നിരവധി വിളകൾ വളർത്തുന്ന ഈ 77കാരിയുടെ കൃഷിയിടം നഗര ജീവിതത്തിനിടയിലെ ഒരു പച്ചത്തുരുത്താണ്.
കൃഷിയോടുള്ള സുമത്തിന്റെ ഇഷ്ടത്തിന് പിന്നിൽ കുട്ടിക്കാലത്തെ ഓർമകളുണ്ട്. കായംകുളം ഓണാട്ടുകരയാണ് ജന്മനാട്. പിതാവ് കർഷകനായിരുന്നു. കുട്ടിക്കാലത്ത് കൃഷിപ്പണികളിൽ അച്ഛനോടൊപ്പം മണ്ണിലിറങ്ങിയ ശീലമാണ് ഇന്നും അഭംഗുരം തുടരുന്നത്. ജോലിയോട് ബന്ധപ്പെട്ട് തിരുവനന്തപുരത്തേക്ക് മാറിയെങ്കിലും കൃഷിയോടുള്ള താൽപ്പര്യം കൈവിട്ടില്ല.
മട്ടുപ്പാവിൽ ഒരുക്കിയ കൃഷിയിടം
സുമവും ഭർത്താവ് വിജയൻ നായരും ഇറിഗേഷൻ ഡിപ്പാർട്ട്മെന്റിലായിരുന്നു ജോലി ചെയ്തിരുന്നത്. വീടിന്റെ നിർമ്മാണസമയത്ത് തന്നെ ടെറസ് കൃഷിക്ക് അനുയോജ്യമായ രീതിയിലാണ് മട്ടുപ്പാവ് ഒരുക്കിയത്. എൻജിനീയറായിരുന്ന ഭർത്താവ് വിജയൻ നായരുടെ സഹായത്തോടെ വെള്ളം കെട്ടിക്കിടക്കാത്ത തരത്തിൽ കൃത്യമായ ചരിവും വാട്ടർപ്രൂഫിംഗും നൽകി.
ചിരട്ടയും തൊണ്ടും ഉപയോഗിച്ച് ബെഡുകൾ തയ്യാറാക്കി അതിൽ മണ്ണ് നിറച്ച് കൃഷിക്കായി ഉപയോഗിക്കുന്നു. ചെടിച്ചട്ടികളും ഗ്രോബാഗും വലിയ ബക്കറ്റുകളുമൊക്കെ ചെടികൾ നടാൻ ഉപയോഗിച്ചിട്ടുണ്ട്. രാസവളങ്ങൾ പൂർണമായും ഒഴിവാക്കിയാണ് കൃഷി ചെയ്തു വരുന്നത്. കാലിവളം, കോഴി വളം, പിണ്ണാക്ക്, കമ്പോസ്റ്റ്, പച്ചക്കറി സ്ലറി എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
മട്ടുപ്പാവിൽ ഒരു പച്ചക്കറി വിപണി
വീട്ടാവശ്യത്തിന് വേണ്ട പല പച്ചക്കറികളും ഇവിടെ നിന്ന് സുമത്തിന് ലഭിക്കുന്നുണ്ട്. ഏത്തവാഴ, കാന്താരി, കാശ്മീരി മുളക്, ബുള്ളറ്റ് മുളക്, വയലറ്റ് മുളക്, നിത്യവഴുതന, മത്തൻ, കുമ്പളം, കപ്പ എന്നിവയ്‌ക്കൊപ്പം ഡ്രാഗൺ ഫ്രൂട്ട്, നാരകം, പൈനാപ്പിൾ, ചെറി തുടങ്ങിയ ഫലവർഗങ്ങളും ഇവിടെയുണ്ട്. ഏകദേശം 35 വർഷം പഴക്കമുള്ള കറിവേപ്പിലച്ചെടിയും ഈ ഹരിത ലോകത്തിന്റെ ഭാഗമാണ്. ചൈവ്, ഇറ്റാലിയൻ ബേസിൽ, മസാല തുളസി, പനിക്കൂർക്ക തുടങ്ങിയവയും കൃഷിചെയ്യുന്നു. അമ്പഴം, ബെയർ ആപ്പിൾ, സപ്പോട്ട, ജാമ്പ, പേര, വൈറ്റ് ജാമുൻ തുടങ്ങിയ ഫലവൃക്ഷങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്.
ഓരോ ചെടിക്കും സ്വന്തം പരിചരണം
ചെടികൾക്ക് വെള്ളം നൽകുന്ന കാര്യത്തിൽ സുമം പ്രത്യേക ശ്രദ്ധ പുലർത്തുന്നു. മറ്റാരെയും ഏൽപ്പിക്കാതെ നേരിട്ടാണ് ചെടികൾ നനയ്ക്കുന്നത്. എല്ലാ ചെടികൾക്കും ഒരേ അളവിൽ വെള്ളം ആവശ്യമില്ലെന്നാണ് സുമത്തിന്റെ അഭിപ്രായം. . ഓരോ ചെടിയുടെയും സ്വഭാവവും ആവശ്യവും മനസ്സിലാക്കി അതനുസരിച്ചാണ് വെള്ളം നൽകുന്നത്. 'ചെടികൾക്കും ജീവനുണ്ട്' എന്ന വിശ്വാസമാണ് ഈ പരിചരണത്തിന് പിന്നിൽ. സ്വന്തം മക്കളെപ്പോലെ ചെടികളെ നോക്കിക്കാണുന്ന സുമത്തിന് കൃഷി ഒരു ജോലി മാത്രമല്ല, ജീവിതത്തിന്റെ ഭാഗമാണ്.
അധികമായാലും പാഴാകില്ല
അധികമായി ലഭിക്കുന്ന പച്ചക്കറികൾ അയൽപക്കങ്ങളിലും സുഹൃത്തുക്കൾക്കും നൽകാറുണ്ട്. എന്നിട്ടും ബാക്കിവരുന്നവ പാഴാക്കാതെ പ്രിസർവ് ചെയ്തും സൂക്ഷിക്കുന്നു. പച്ചക്കറികൾ ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് പാതി വേവിച്ച ശേഷം ഫ്രീസറിൽ സൂക്ഷിക്കുന്നു. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാമെന്നും സുമം സാക്ഷ്യപ്പെടുത്തുന്നു. .
പിന്തുണയുമായി കുടുംബവും സുഹൃത്തുക്കളും
ഭർത്താവ് വിജയൻ നായർ, മകൾ യമുനാ ജയകിഷൻ , മരുമകൻ ജയകിഷൻ, മകൻ വിജയകൃഷ്ണൻ , കൊച്ചുമകൾ കാമിൽ ജയകിഷൻ, സുഹൃത്തുക്കൾ എന്നിവരുടെ പിന്തുണയും ഈ കൃഷിയാത്രയിൽ സുമത്തിനൊപ്പമുണ്ട്. മകളും മരുമകനും ആർമിയിൽ ഡോക്ടർമാരായിരുന്നു. ഇപ്പോൾ വിരമിച്ചു. മകൻ എൻജിനീയർ ആണ്. കൃഷിയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് പരിഹാരം തേടാനും അറിവുകൾ പങ്കുവയ്ക്കാനും 'കൃഷിഭൂമി' പോലുള്ള കൂട്ടായ്മകളും കൃഷി ഗ്രൂപ്പുകളും ഉപയോഗപ്പെടുത്തുന്നു.
സ്ഥലമില്ലാത്തതുകൊണ്ട് കൃഷി ചെയ്യാനാകില്ലെന്ന ചിന്തയ്ക്ക് സുമത്തിന്റെ മട്ടുപ്പാവ് കൃഷിയാണ് മറുപടി. കൃഷിക്ക് വലിയ ഭൂമി വേണ്ട; താൽപ്പര്യവും അദ്ധ്വാനവും ദിവസവും നൽകുന്ന കരുതലുമാണ് വേണ്ടതെന്ന് അവർ പറയുന്നു. 77ാം വയസിലും മട്ടുപ്പാവിലെ ഓരോ ചെടിയെയും ശ്രദ്ധയോടെ പരിപാലിക്കുന്ന സുമം അതുതന്നെയാണ് ജീവിതംകൊണ്ട് തെളിയിക്കുന്നത്.