ചെന്നൈ: തമിഴ്നാട്ടിലെ മധുരയിൽ പളങ്കാനത്ത് തനിഷ്ക് ജുവലറി കവർച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. സുരേഷ്, മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് അഞ്ച് കിലോ സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. മൊബൈൽ ഫോൺ സിഗ്നലുകൾ വഴിയാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് വ്യക്തമാക്കി.
മുഖ്യപ്രതി എന്ന് സംശയിക്കുന്ന നിഷാന്തിന്റെ അച്ഛനാണ് പിടിയിലായ സുരേഷ് എന്നാണ് പ്രാഥമിക വിവരം. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറും നിഷാന്തിന്റെ സുഹൃത്തുമാണ് അറസ്റ്റിലായ മീനാക്ഷി. നിഷാന്തിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്ക്-ടാക്സി ഡ്രൈവറായ പ്രതി സംഭവ ദിവസം പുലർച്ചെ സ്കൂട്ടറിൽ അതിവേഗം സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും സ്വർണം കണ്ടെത്താനായിട്ടില്ല.
മോഷണത്തിന് മുൻപ് മൂന്ന് തവണ പ്രതി ജുവലറിയിൽ എത്തിയെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായിട്ടുണ്ട്. മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് ധരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
മധുരയിൽ പുതുതായി പ്രവർത്തനം ആരംഭിച്ച തനിഷ്ക് ഷോറൂമിൽ നിന്ന് 20 കിലോഗ്രാമോളം സ്വർണാഭരണങ്ങളാണ് മോഷണം പോയത്. വയറിംഗ് ഉൾപ്പെടെയുള്ള ചില നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന കടയിൽ മുഖംമൂടി ധരിച്ച മോഷ്ടാവ് ലിഫ്റ്റിന്റെ ഭാഗത്തുകൂടി ഷോറൂമിനുള്ളിൽ കടന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മോഷണം പോയ ആഭരണങ്ങളെല്ലാം ഡിസ്പ്ലേ വിഭാഗത്തിൽ നിന്നുള്ളതാണെന്നും ലോക്കറുകൾക്കുള്ളിലെ ആഭരണങ്ങൾ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു.വ്യാഴാഴ്ച രാവിലെ ബൈപാസ് റോഡിലുള്ള ഔട്ട്ലെറ്റിൽ ജോലിക്കെത്തിയ ജീവനക്കാരാണ് മോഷണ വിവരം അറിഞ്ഞത്.