മരിച്ച കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു; എസ്‌ബിഐ മുൻ മാനേജർക്ക് ജയിൽ ശിക്ഷ

മൈസൂരു: മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത എസ്‌ബിഐ മുൻ ചീഫ് മാനേജർക്ക് ജയിൽ ശിക്ഷ. 2005ൽ മരണപ്പെട്ട കസ്റ്റമറുടെ അക്കൗണ്ടിൽ നിന്ന് 40.53 ലക്ഷം രൂപ തട്ടിയെടുത്തതായി കണ്ടെത്തിയതിനെത്തുടർന്ന് മൈസൂരു കോടതിയാണ് ശിക്ഷ വിധിച്ചത്. ആഭ്യന്തര ബാങ്ക് അക്കൗണ്ടിൽ നിന്ന് ഇയാൾ 21.04 ലക്ഷം രൂപ തട്ടിയെടുത്തതായും കണ്ടെത്തി. ഒരു വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്.

മൈസൂരുവിലെ ചാമുണ്ഡിപുരം എസ്‌ബിഐ ശാഖയിലെ മുൻ ചീഫ് മാനേജറായ അനിരുദ്ധ വസന്ത്റാവു കുൽക്കർണിക്കാണ് ശിക്ഷ ലഭിച്ചത്. 2009 മേയ് 13നും 2011 ഡിസംബർ 23നും ഇടയിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയത്. 2005ൽ മരണപ്പെട്ട കൃഷ്ണ അയ്യറുടെ അക്കൗണ്ടിൽ നിന്നാണ് ഇയാൾ 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തത്. കുൽക്കർണിയുടെയും മകന്റെയും അക്കൗണ്ടുകളിലേക്കാണ് തട്ടിയെടുത്ത തുക മാറ്റിയത്. പിന്നീടിത് ബാങ്കിൽ നിന്ന് പിൻവലിച്ചതായും കണ്ടെത്തി.

ബാങ്കിൽ നടന്ന ആഭ്യന്തര അന്വേഷണത്തിനിടെയാണ് തട്ടിപ്പ് വിവരം പുറത്തുവന്നത്. കുറ്റം സമ്മതിച്ച കുൽക്കർണി 62 ലക്ഷം രൂപ ബാങ്കിൽ തിരികെ അടച്ചു. സംഭവത്തിൽ മൈസൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കുൽക്കർണിക്ക് ശിക്ഷ ലഭിച്ചത്. പിഴത്തുകയിൽ 40,000 രൂപ ബാങ്കിന് നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *