തിരുവനന്തപുരം: അനുമതിയില്ലാതെ നഗരത്തില്‍ അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിന് കേരള പോലീസിന് പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ. 44-ാമത് കേരള പോലീസ് ഗെയിംസ് ആന്റ് അത്‌ലറ്റിക്‌സ് മീറ്റിന്റെ പ്രചാരണാര്‍ത്ഥം നഗരത്തില്‍ അനുമതിയില്ലാതെ അനധികൃതമായി പരസ്യ ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചതിനാണ് പോലീസ് വകുപ്പിന് 15,000 രൂപ പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് നഗരസഭാ സെക്രട്ടറി നോട്ടീസ് അയച്ചു.
മേയര്‍ വി.വി. രാജേഷിന്റെ കര്‍ശന നിര്‍ദ്ദേശപ്രകാരം നഗരസഭാ സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പിഎംജി, വഴുതക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളില്‍ പോലീസിന്റെ പരസ്യബോര്‍ഡുകള്‍ കണ്ടെത്തിയത്. നഗരസഭയുടെ യാതൊരുവിധ അനുമതിയും നേടാതെ സ്ഥാപിച്ച ഈ ബോര്‍ഡുകളും കമാനങ്ങളും സ്‌ക്വാഡ് അടിയന്തരമായി എടുത്തുമാറ്റുകയും ചെയ്തു. കേരള മുന്‍സിപ്പല്‍ നിയമത്തിലെയും പൊതു തെരുവുകളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് കോര്‍പ്പറേഷന്‍ ഈ ശക്തമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
നഗരസഭയുടെ നോട്ടീസ് തുടര്‍നടപടികള്‍ക്കായി ഡിജിപി കായിക മേളയുടെ സംഘാടകരായ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും പിഴത്തുക അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് അനധികൃത ബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ബിജെപിക്ക് 19.7 ലക്ഷം രൂപയും നഗരസഭ പിഴ ചുമത്തിയിരുന്നു.