കൊല്ലം: വിദേശത്തെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് കേസിലകപ്പെട്ട യുവാവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടും സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ കഴിയാതെ നാലു വര്‍ഷത്തിലേറെയായി ദുരിതജീവിതം. പത്തനംതിട്ട വള്ളിക്കോട് നരിയാപുരം ദതേവരയ്യത്ത് ഹൗസില്‍ സന്തോഷ് കരുണാകരനാ(48)ണ് ഈ ദുരവസ്ഥ.
ഇത് സംബന്ധിച്ച് സന്തോഷിന്റെ മാതാവ് കമലമ്മ കരുണാകരന് ഡി.ജി.പി., എ.ഡി.ജി.പി., ജില്ലാ പോലീസ് മേധാവി, മനുഷ്യാവകാശ കമ്മിഷന് തുടങ്ങിയവര്‍ക്ക് പരാതി നല്കി.
മുന്‍ കേരള ഡി.ജി.പി: ലോക്നാഥ് ബഹറയുടെ ബന്ധുവാണെന്ന് അവകാശപ്പെടുന്ന ഒറീസ സ്വദേശി അജിത്കുമാര്‍ മോഹപത്രയുടെ സ്വാധീനവും ഭീഷണികളും മൂലമാണു മകനു നാട്ടിലേക്കു മടങ്ങാന്‍ കഴിയാത്തതെന്നാണു മാതാവിന്റെ പരാതി. വിദേശത്തു നടന്ന ബിസിനസ് തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി മകനെതിരേ അജിത്കുമാര്‍ മോഹപത്ര കേരളത്തില്‍ കേസുകള്‍ നല്‍കിയതായും പോലീസിനെ സ്വാധീനിച്ചു നിയമനടപടികള്‍ ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. 2020ല്‍ സന്തോഷ് കരുണാകരനെതിരേ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ കേസെടുത്തു.
തുടര്‍ന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലും എറണാകുളം ടൗണ്‍, സൗത്ത് പോലീസ് സ്റ്റേഷനുകളിലും മറ്റ് രണ്ടു കേസുകളും രജിസ്റ്റര്‍ ചെയ്തു. വിദേശത്തു നടന്ന ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെ പോലീസിന്റെ സ്വാധീനം ഉപയോഗിച്ച് ക്രിമിനല്‍ കേസുകളാക്കി മാറ്റിയെന്നാണു പരാതി.
കേരള ഹൈക്കോടതിയെ സമീപിച്ച സന്തോഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്ന് 2021 ഏപ്രില്‍ 16-ന് ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനില്‍ ഹാജരായി ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങി. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകാന്‍ വന്ന സന്തോഷിനെ അന്നത്തെ കടവന്ത്ര എസ്.എച്ച്.ഒ: ടി.ഡി. പ്രജീഷ് അവിടെ കാത്തുനിന്ന് കസ്റ്റഡിയില്‍ കൊണ്ടുപോയി.
തുടര്‍ന്നു സത്യജിത് എന്ന മറ്റൊരു പോലീസുകാരനും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്നും ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റ് ലേക്ഷോര് ആശുപത്രിയില്‍ ചികിത്സ തേടിയെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്നുള്ള ഭീഷണി മൂലം മകന് നാടുവിട്ടെന്നും ഈ സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും പരാതികള്‍ നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും കമലമ്മ ആരോപിക്കുന്നു.
അതിനിടെ, മകനെതിരായ കേസുകള്‍ ഒത്തുതീര്‍പ്പാക്കാമെന്നും നിയമപ്രശ്നങ്ങള്‍ പരിഹരിച്ചു കേരളത്തിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കാമെന്നും വിശ്വസിപ്പിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകയെന്നു പരിചയപ്പെടുത്തി എത്തിയ തിരുവനന്തപുരം സ്വദേശിനിയായ യുവതിയും ഒരു അഭിഭാഷകനും ചേര്‍ന്ന് കുടുംബത്തില്‍നിന്ന് ഏകദേശം 95 ലക്ഷം രൂപ കൈപ്പറ്റിയതായും പരാതിയില്‍ ആരോപിക്കുന്നു.
വ്യാജ വാട്ട്സാപ്പ് സന്ദേശങ്ങളും സ്ക്രീന്‍ ഷോട്ടുകളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും അഭിഭാഷകരുടെയും ഇ.ഡിയുടെയും പേരുകള്‍ ഉപയോഗിച്ച് പണം തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നു.
സന്തോഷ് കരുണാകരനെതിരായ കേസുകളുടെ പശ്ചാത്തലം, പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, ഭീഷണികള്‍, പണം കൈമാറിയ ഇടപാടുകള്‍, വ്യാജ രേഖകളുണ്ടാക്കിയെന്ന ആരോപണം എന്നിവയെല്ലാം സ്വതന്ത്രമായി അന്വേഷിക്കണമെന്നാണ് കമലമ്മയുടെ ആവശ്യം.