ന്യൂഡൽഹി: പുതുതായി ഇറങ്ങുന്ന കാറുകളിലെ സാങ്കേതികവിദ്യ ഡ്രൈവിംഗ് കൂടുതൽ സങ്കീർണമാക്കുന്നുവെന്ന പരാതി വ്യാപകമാണ്. എന്നാൽ, ഇതേ സാങ്കേതികവിദ്യയിലൂടെ ഗാർഹിക പീഡനത്തെ അതിജീവിച്ച ഒരു യുവതിയുടെ സംഭവമാണ് ശ്രദ്ധേയമാകുന്നത്. കാറിന്റെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് മുൻഭർത്താവ് തന്നെ നിരീക്ഷിക്കുകയും ശല്യം ചെയ്യുകയും ചെയ്തതിനെത്തുടർന്ന് യുവതിക്ക് ഒടുവിൽ ആ കാർ തന്നെ മാറ്റേണ്ടിവന്നു. ഫോർബ്സ് ആണ് സംഭവം റിപ്പോർട്ട് ചെയ്തത്.
സ്വകാര്യത മാനിച്ചുകൊണ്ട് ജെയ്ൻ എന്ന സാങ്കൽപ്പിക പേരിലാണ് യുവതിയെ ഫോബ്സിൽ പരാമർശിക്കുന്നത്. ബിഎംഡബ്ലിയു കാറിന്റെ സ്മാർട്ട്ഫോൺ ആപ്പിലൂടെയാണ് മുൻഭർത്താവ് ജെയ്നിന്റെ നീക്കങ്ങൾ നിരീക്ഷിച്ചത്. കാറിന്റെ നിയന്ത്രണവും ഇയാൾ ദുരെനിന്ന് ഏറ്റെടുത്തു. മഴ പെയ്യുമ്പോൾ കാറിന്റെ വിൻഡോകൾ താഴ്ത്തുക, മുന്നറിയിപ്പില്ലാതെ എൻജിൻ പ്രവർത്തിപ്പിക്കുക, ഡിക്കി തുറക്കുക തുടങ്ങിയ പ്രവൃത്തികളിലൂടെ ഇയാൾ യുവതിയെ നിരന്തരം ബുദ്ധിമുട്ടിച്ചുകൊണ്ടേയിരുന്നു.
തുടക്കത്തിൽ സംഭവം കാര്യമാക്കാതിരുന്ന ജെയ്ൻ, വിവാഹ മോചനം നേടിയിട്ടും തന്റെ മുൻഭർത്താവിന് ഇപ്പോഴും കാറിന്റെ നിയന്ത്രണം സാധ്യമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ആശങ്കയിലായത്. കാറിന്റെ ഉടമസ്ഥാവകാശം തനിക്കായതിനാൽ ആപ്പിൽനിന്ന് മുൻഭർത്താവിന്റെ പ്രവേശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്ൻ ബിഎംഡബ്ല്യുവിനെ സമീപിച്ചു. എന്നാൽ, ജീവനക്കാർക്ക് അതിനുള്ള സാങ്കേതിക സൗകര്യമില്ലെന്നായിരുന്നു മറുപടി.
തുടർന്ന് മുൻഭർത്താവിന്റെ അക്രമസ്വഭാവം വ്യക്തമാക്കുന്ന പൊലീസ് റിപ്പോർട്ടുകൾ, വിവാഹമോചന രേഖകൾ, കാറിന്റെ ഉടമ താനാണെന്ന് തെളിയിക്കുന്ന രേഖകൾ എന്നിവയുമായി യുവതി വീണ്ടും ബിഎം ഡബ്ല്യുവിനെ കമ്പനിയിലെത്തി. എന്നാൽ, രേഖകൾ നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമായി പുതിയ കാർ വാങ്ങുക മാത്രമാണ് വഴിയെന്ന് ജീവനക്കാർ അറിയിച്ചതായി യുവതി വെളിപ്പെടുത്തി. ഇതോടെ ശല്യത്തിൽനിന്ന് രക്ഷപ്പെടാൻ മറ്റൊരു വാഹനം വാങ്ങുകയല്ലാതെ ജെയ്നിന് മുന്നിൽ മറ്റ് വഴികളൊന്നുമുണ്ടായില്ല.
സംഭവത്തിൽ പ്രതികരിച്ച ബി.എം.ഡബ്ല്യു വക്താവ് ജെയ് ഹാൻസൻ, വ്യക്തികളുടെ സുരക്ഷയെ ബാധിക്കുന്ന അടിയന്തര സാഹചര്യങ്ങളെ കമ്പനി ഗൗരവത്തോടെയാണ് കാണുന്നതെന്ന് അറിയിച്ചു. അനധികൃതമായി ഇത്തരം ആപ്പുകൾ ദുരുപയോഗം ചെയ്യുന്നവർക്കതിരെ ആവശ്യമായ നടപടിക്രമങ്ങളും സംവിധാനങ്ങളും കമ്പനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ജെയ്ൻ താമസിക്കുന്ന പ്രദേശത്തുനിന്ന് ഇത്തരമൊരു പരാതിയുമായി ആരെങ്കിലും കമ്പനിയെ സമീപിച്ചതായി രേഖകളില്ലെന്നാണ് ഹാൻസന്റെ അവകാശവാദം. അതേസമയം, ബി.എം.ഡബ്ല്യു ഡീലർഷിപ്പുകൾ സ്വതന്ത്രമായാണ് ഉടമസ്ഥതയിലും പ്രവർത്തനത്തിലും മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.