ബെംഗളൂരുവിൽ നഗരസഭയുടെ പ്ലോട്ട് വൃത്തിയാക്കൽ തെളിയിച്ചത് 28 കാരിയുടെ കൊലപാതകം

ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ നേതൃത്വത്തിൽ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകൾ വൃത്തിയാക്കുന്നതിനിടയിലുണ്ടായ ഒരു ശുചീകരണ യജ്ഞം ഞെട്ടിക്കുന്ന കൊലപാതക കേസ് തെളിയിച്ചു. 28 കാരിയായ ഭാര്യയെ കൊലപ്പെടുത്തി ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് തള്ളിയെന്ന കേസിൽ സാംപിഗെഹള്ളി പൊലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തു.

ബീഹാർ സ്വദേശിയായ സാഗർ ചന്ദ്ര റാവത്ത് (32) ആണ് 28 കാരിയായ ഭാര്യ അനസൂയ ബെഹ്റയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്. പ്രണയത്തിലായിരുന്ന ഇരുവരും വിവാഹിതരായ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിൽ എത്തിയത്. സാഗർ ഒരു ഹോട്ടലിലും അനസൂയ ഒരു വസ്ത്രശാലയിലുമാണ് ജോലി ചെയ്തിരുന്നത്.

പണമിടപാടുകളെച്ചൊല്ലി ദമ്പതികൾ തമ്മിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 11-ന് മറ്റൊരു തർക്കത്തിനൊടുവിൽ സാഗർ അനസൂയയെ മർദ്ദിക്കുകയും കഴുഞ്‍ഞെരിച്ചു കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം സാഗർ തന്റെ ഭാര്യയുടെ മൃതദേഹം മൂന്ന് ദിവസത്തോളം വീട്ടിൽ സൂക്ഷിച്ചു. പിന്നീട് ഒരു ഷീറ്റിൽ പൊതിഞ്ഞ് കിടക്കയ്ക്കുള്ളിലാക്കി സാംപിഗെഹള്ളി പ്രദേശത്തെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലത്ത് കൊണ്ടുപോയി തള്ളുകയായിരുന്നു. മൃതദേഹം ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ പ്രതി പിന്നീട് ദിവസങ്ങളോളം ആ സ്ഥലത്ത് എത്തിയിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു.

കൊലപാതകം നടന്ന് ഏകദേശം 20 ദിവസങ്ങൾക്ക് ശേഷം ഒഴിഞ്ഞുകിടക്കുന്ന ആ സ്ഥലം വൃത്തിയാക്കുന്നതിനിടയിൽ സെപ്റ്റംബർ 2-നാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്ലോട്ട് വൃത്തിയാക്കുന്നതിനിടയിലാണ് തൊഴിലാളികൾ യുവതിയുടെ മൃതദേഹം കണ്ടത്. അപ്പോഴേക്കും തെരുവുനായ്ക്കൾ മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ തിന്നിരുന്നു.

മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത വിധം വികൃതമായിരുന്നതിനാൽ യുവതിയുടെ ആൾരൂപം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ മൃതദേഹത്തിൽ കണ്ടെത്തിയ വസ്ത്രത്തിലെ ഒരു ടാഗ് അന്വേഷണത്തിൽ നിർണായകമായി. പൊലീസ് ഇത് വഴി ഒരു മാളിലെ ഷോപ്പിംഗ് വിവരങ്ങൾ കണ്ടെത്തുകയും അത് വഴി അനസൂയയെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്തു. തുടർന്ന് അന്വേഷണത്തിൽ യുവതിയുടെ ഭർത്താവ് പതിവുപോലെ ഹോട്ടലിൽ ജോലിക്കായി പോകുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഹോട്ടലിൽ നടത്തിയ അന്വേഷണത്തിൽ ദമ്പതികൾ തമ്മിലുള്ള വഴക്കുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചു.

ഇതിനെ തുടർന്ന് സാഗർ റാവത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ അയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം കണ്ടെത്തി ഒരാഴ്ചയ്ക്കകം സാംപിഗെഹള്ളി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *