മുന്‍പ് നടത്തിയിരുന്ന വിമര്‍ശനം വിഷയാധിഷ്ഠിതം ; വി.ഡി. സതീശനോട് വ്യക്തിപരമായി പിണക്കമില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: മുഖ്യമന്ത്രി വി.ഡി. സതീശനോട് വ്യക്തിപരമായി പിണക്കമില്ലെന്നും കണിച്ചുകുളങ്ങരയില്‍ വന്നാല്‍ സതീശനെ സ്വീകരിക്കുമെന്നും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. താന്‍ മുന്‍പ് നടത്തിയിരുന്ന വിമര്‍ശനങ്ങള്‍ വിഷയാധിഷ്ഠിതം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ ട്രസ്റ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എതിരാളികള്‍ക്കെതിരെ രൂക്ഷപരിഹാസവും രാഷ്ട്രീയ നിലപാടുകളിലെ മൃദുസമീപനവുമായി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് വെള്ളാപ്പള്ളിക്ക് തിരിച്ചടിയായി.

'വോട്ടെണ്ണി പെട്ടി പൊട്ടിച്ചപ്പോള്‍ എതിരാളികളാണ് പൊട്ടിയത്.' കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തന്നെ ലക്ഷ്യം വെച്ച് വേട്ടയാടാനും കള്ളക്കേസുകളില്‍ കുടുക്കി മത്സരരംഗത്ത് നിന്ന് മാറ്റിനിര്‍ത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും, ഒരു കേസില്‍ പോലും തനിക്കെതിരെ വിധി നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി മിടുമിടുക്കനാണെന്നും എല്ലാവരും അദ്ദേഹത്തിന് ആ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കഴിഞ്ഞെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പക്വത കുറവുണ്ടായിരുന്ന വി.ഡി. സതീശന് ഇപ്പോള്‍ പക്വത വന്നെന്നും പറഞ്ഞു.

ഒരുവശത്ത് വെള്ളാപ്പള്ളി രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുമ്പോള്‍, മറുവശത്ത് അദ്ദേഹം പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നു. എട്ട് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് അറിയിച്ചിട്ടും ഒരെണ്ണത്തില്‍ മാത്രമാണ് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചത്.

സാവകാശം നല്‍കിയിട്ടും ബാക്കി കേസുകളില്‍ കുറ്റപത്രം നല്‍കാത്തത് കോടതിയോട് ചെയ്യുന്ന തെറ്റാണെന്നും, ഇത്തരത്തില്‍ കേസ് മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന്, അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

എന്‍എസ്എസ് ആസ്ഥാനത്തേക്ക് കയറിപ്പോകരുതെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിലെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും അവര്‍ പിന്നീട് ഒന്നിക്കുമെന്നും പറഞ്ഞ അദ്ദേഹം, മുന്നണിയില്‍ ലീഗിന് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കിയതില്‍ തനിക്ക് പരാതിയില്ലെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *