മെസ്സിയുടെ പേരിലുള്ള തട്ടിപ്പ്: മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു

കൊച്ചി: മെസ്സിയുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതിചേർത്തു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് എസ്ഐടി തിങ്കളാഴ്ച തിങ്കളാഴ്ച കളമശ്ശേരി കോടതിയിൽ നൽകും.

സർക്കാർ ഉത്തരവുകൾ കാണൂ

ദിവസം എട്ടര ലക്ഷം രൂപ വാടകയുള്ള കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം രണ്ടു മാസവും നാല് ദിവസവും കൃത്യമായ കരാറില്ലാതെ സ്പോൺസർക്ക് സൗജന്യമായി കൈമാറിയതിലൂടെ സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാക്കി. ഇതിൽ സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ട്. മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും സ്പോർട്സ് കൗൺസിൽ പ്രസിഡണ്ടും ഇതിനായി ഒരുപോലെ പ്രവർത്തിച്ചുവെന്നും സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാർ ബാധ്യതയാകുന്ന ഉപാധികൾ ഉണ്ടാക്കിയെന്നും ഇതിന് കൃത്യമായ കരാറുണ്ടായില്ലെന്നും എസ് ഐ ടി കണ്ടെത്തി.

210 കോടി രൂപയുടെ പദ്ധതിക്കായി ടെൻഡർ നടപടികൾ പാലിക്കാതെയും സർക്കാർ വകുപ്പുകളെ മറികടന്നും ആർബിസിക്ക് സ്പോൺസർഷിപ്പ് നൽകി. അർജന്റീനയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിന് മുൻപ് തന്നെ ടീമിന്റെ വരവ് പ്രഖ്യാപിച്ച് ജനങ്ങളെയും സർക്കാരിനെയും തെറ്റിദ്ധരിപ്പിച്ചു. വ്യാജകരാറിൽ സർക്കാരിന്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ് യു. ഷറഫലി സാക്ഷിയായി ഒപ്പിട്ടു എന്നതു പ്രതികൾക്കെതിരെയുള്ള ആരോപണങ്ങളാണ്.

മെസ്സിയെ കേരളത്തിലെത്തിക്കുന്നതിനായി പണം മുടക്കിയ ധനകാര്യ സ്ഥാപനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ എസ്ഐടി ഇതിനകം ശേഖരിച്ചിട്ടുണ്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷനിൽ നിന്ന് വിവരം തേടാനും പ്രത്യേക അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്.

നേരത്തെ കളമശ്ശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ ബി സി) ഉടമ ആന്റോ അഗസ്റ്റിൻ ഒന്നാം പ്രതിയും കമ്പനി രണ്ടാം പ്രതിയുമാണ്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം അഞ്ചായി.

Leave a Reply

Your email address will not be published. Required fields are marked *