വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി അമേരിക്കയ്ക്കും ഇസ്രായേലിനും നേരെ പുതിയ ആക്രമണങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ, ഇറാനിലെ ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ കൂടി അമേരിക്കയ്ക്ക് നശിപ്പിക്കാനുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
"ഞങ്ങൾ അവരുടെ ആണവ ശേഷി തകർത്തു തരിപ്പണമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, ഒന്നോ രണ്ടോ സൈറ്റുകൾ കൂടി ഞങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നാണ് ഞാൻ കരുതുന്നത്, അത് ഞങ്ങൾക്കാ വെറും 10 മിനിറ്റിനുള്ളിൽ ചെയ്യാൻ കഴിയും," ഫ്ലോറിഡയിലെ തന്റെ വസതിയിൽ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. "നിങ്ങൾക്ക് പിക്ക്ആക്സ് പർവ്വതം എടുത്തുനോക്കാം, അത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതെല്ലാം വളരെ വേഗത്തിൽ ചെയ്യാൻ ഞങ്ങൾക്ക് കഴിയും," ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട സ്ഥലത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഈ ആഴ്ച തന്നെ അമേരിക്ക ഇറാനെതിരെ വീണ്ടും ആക്രമണം നടത്തുമോ എന്നും അദ്ദേഹത്തോട് ചോദ്യത്തിന്, ‘അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തന്നെ അത് നിങ്ങളോട് പറയുമോ?’ എന്നായിരുന്നു ട്രംപിന്റെ മറുപടി. എന്നിരുന്നാലും, ഇറാനുമായുള്ള ചർച്ചകൾ "നന്നായി മുന്നോട്ട് പോകുന്നുണ്ട്, പക്ഷേ അവർ അത്ര വിശ്വസിക്കാൻ കൊള്ളാവുന്നവരല്ല" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മൊജ്തബ ഖമനേയിയുടെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം വന്നിരിക്കുന്നത്. ഏതൊരു ഭീഷണിക്കും "ഉടൻ തന്നെ" തിരിച്ചടി നൽകുമെന്ന് മൊജ്തബ വ്യക്തമാക്കിയിരുന്നു.
"ഏതൊരു തരത്തിലുള്ള അല്ലെങ്കിൽ ഏത് തലത്തിലുള്ള ഭീഷണിയാണെങ്കിലും, അതിന് ഉടനടിയുള്ളതും ശക്തമായതും ഭൂമിശാസ്ത്രപരമായ അതിർവരമ്പുകളില്ലാത്തതുമായ മറുപടി നൽകണം," എന്ന് ഉന്നത സൈനിക കമാൻഡർമാരോട് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഖമനേയിയും ഇറാന്റെ ഉന്നത സൈനിക മേധാവികളും തമ്മിൽ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ കൂടിക്കാഴ്ചയാണിത്.
അടുത്ത ആഴ്ച ആദ്യം നടക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാന് നേരെ പുതിയ സൈനിക നടപടി ആരംഭിച്ചേക്കാമെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സൂചന നൽകുന്നുണ്ട്. യുദ്ധം പുനരാരംഭിക്കുന്നതു സംബന്ധിച്ച് ബെഞ്ചമിൻ നെതന്യാഹുവും ട്രംപുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.