യുഎഇയിലെ പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; അയൽരാജ്യത്ത് നിന്നും മേഘങ്ങൾ എത്തുന്നു, അന്തരീക്ഷം മാറിമറിയുമെന്ന് മുന്നറിയിപ്പ്

അബുദാബി: അതികഠിനമായ ചൂടിൽ നിന്ന് ശീതകാലത്തിലേക്ക് മാറുന്നതിന്റെ ആശ്വാസത്തിലാണ് യുഎഇയിലെ പ്രവാസികൾ. പുറത്തിറങ്ങാൻ പോലുമാകാതെ കൊടുംചൂടിൽ ജോലി ചെയ്‌തിരുന്നവർക്കും കുട്ടികൾക്കുമെല്ലാം ഏറെ സന്തോഷം നൽകുന്നതാണ് ഈ മാറ്റം. ഇപ്പോഴിതാ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് വിവിധയിടങ്ങളിൽ മഴ പെയ്യുന്നുണ്ട്. ഇത് പല പ്രദേശങ്ങളിലും താപനില നല്ലരീതിയിൽ കുറയാൻ കാരണമായി.

യുഎഇയിലെ തീരപ്രദേശ നഗരങ്ങളിൽ രാത്രികാല താപനില ഇപ്പോൾ 20 അല്ലെങ്കിൽ 21 ഡിഗ്രി സെൽഷ്യസ് വരെ കുറയാൻ സാദ്ധ്യതയുണ്ട്. പകൽ സമയത്തെ ഉയർന്ന താപനില 30 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെ കുറയാനും സാദ്ധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് ആസ്‌ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ അറിയിച്ചു. ദുബായ് റേഡിയോയിലെ 'ഡയറക്‌ട് ലൈൻ' പരിപാടിയിൽ സംസാരിക്കവെയാണ് മഴയ്‌ക്ക് ശേഷം രാജ്യത്തെ താപനിലയിൽ കാര്യമായ മാറ്റം സംഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞത്.

പ്രാദേശിക പരമ്പരാഗത കലണ്ടറായ 'അൽ ദുറൂർ' പ്രകാരം യുഎഇയിൽ ശൈത്യകാലം ആരംഭിക്കാറായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കലണ്ടർ പ്രകാരം ശൈത്യകാലത്തിന്റെ ആദ്യഘട്ടം നവംബർ 26നും 28നും ഇടയിൽ ആരംഭിക്കും. മഴയ്‌ക്ക് ശേഷമുള്ള കാലാവസ്ഥാ മാറ്റം മാത്രമല്ല, അയൽരാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് മഴമേഘങ്ങൾ എത്തിച്ചേരുന്നുണ്ടെന്നും ജർവാൻ പറഞ്ഞു.

മഴമേഘങ്ങൾക്കൊപ്പം എത്തുന്ന ഊർപ്പമുള്ള വായു മലയോര പ്രദേശങ്ങളിൽ മേഘങ്ങൾ രൂപപ്പെടാൻ കാരണമാകും. ഇതോടുകൂടി കാലാവസ്ഥ കൂടുതൽ അസ്ഥിരമാകാൻ സാദ്ധ്യതയുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ കടൽ ശക്തിപ്രാപിക്കാനും സാദ്ധ്യതയുണ്ട്. മലയോരപ്രദേശങ്ങളിലും ഉൾനാടൻ, പടിഞ്ഞാറൻ മേഖലകളിലും ശക്തമായ മഴയ്‌ക്ക് കാരണമായേക്കുമെന്നും അൽ ജർവാൻ പറഞ്ഞു. പൊടിക്കാറ്റിനും സാദ്ധ്യതയുള്ളതിനാൽ താമസക്കാർ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *