രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റ് ഗുരുതര പരിക്ക്, പ്രതികൾ ഒളിവിൽ

ന്യൂഡൽഹി: രാഷ്‌ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റ് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ബാഗ്‌പത് ജില്ലയിലാണ് സംഭവം. ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. സൗരഭ് തോമർ (26) എന്ന ജവാനാണ് വെടിയേറ്റത്. നിലവിൽ മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.

പൊലീസ് പറയുന്നതിനനുസരിച്ച് ദീപാവലി ദിനത്തിൽ വീടിന് പുറത്തായി സഹോദരങ്ങളായ വിനീതിനും മിന്റുവിനുമൊപ്പം പടക്കം പൊട്ടിക്കുകയായിരുന്നു സൗരഭ്. ഇതിനിടെ സമീപവാസികളായ ധീരജ്, സഹോദരൻ പ്രവീൺ എന്നിവരുമായി വാക്കുതർക്കമുണ്ടായി. ഇതുപിന്നീട് അടിപിടിയിൽ കലാശിച്ചു. തുടർന്ന് ധീരജ് കൈവശമുണ്ടായിരുന്ന തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. ഒരു ബുള്ളറ്റ് ആദ്യം മതിലിയിൽ പതിച്ചതിനുശേഷം സൗരഭിന്റെ ചെവിക്ക് താഴെയായാണ് തുളച്ചുകയറിയത്. പിന്നാലെ പ്രദേശവാസികൾ തടിച്ചുകൂടിയപ്പോൾ പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സൗരഭും സഹോദരങ്ങളും ധീരജും കുടുംബവുമായി മുൻപ് സൗഹൃദത്തിലായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ രണ്ടുമാസം മുൻപ് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും ചിലർ പറയുന്നു.

2021ലാണ് സൗരഭ് സൈന്യത്തിൽ ചേർന്നത്. രാഷ്ട്രപതിയുടെ അംഗരക്ഷനായി നിലവിൽ രാഷ്ട്രപതി ഭവനിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ദീപാവലി ആഘോഷത്തിനായി അവധിക്ക് നാട്ടിലെത്തിയതായിരുന്നു. സംഭവത്തിൽ സൗരഭിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *