ഇസ്ലാമാബാദ്: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ആരും സ്വന്തമാക്കാത്ത അപൂർവ്വ റെക്കോർഡ് നേട്ടവുമായി പാകിസ്ഥാൻ. ശ്രീലങ്കയ്ക്കെതിരെ റാവൽപിണ്ടിയിൽ നടക്കുന്ന ഒന്നാം ടെസ്റ്റ് ക്രിക്കറ്റിലാണ് പാകിസ്ഥാന്റെ ഈ ചരിത്രനേട്ടം. ടീമിൽ അരങ്ങേറ്റം കുറിച്ച മൂന്ന് ബാറ്റർമാർ ഒരേ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയതോടെയാണ് പാകിസ്ഥാൻ ചരിത്രത്തിൽ ഇടംനേടിയത്.
തയ്യബ് ആരിഫ്, മുഹമ്മദ് താഹ, അറഫാത്ത് മിൻഹാസ് എന്നിവരാണ് അരങ്ങേറ്റ മത്സരത്തിൽ തന്നെ പാകിസ്ഥാനായി അർദ്ധസെഞ്ച്വറികൾ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ, മൂന്ന് അരങ്ങേറ്റക്കാർ ഒരേ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടുന്നത് ഇതാദ്യമായാണ്.
51 പന്തിൽ നിന്ന് 57 റൺസെടുത്ത് ബാറ്റിംഗിൽ മികച്ച പ്രകടനമാണ് ആരിഫ് പുറത്തെടുത്തത്. മുഹമ്മദ് താഹ 105 പന്തിൽ 51 റൺസ് നേടിയപ്പോൾ ഒൻപത് ഫോറുകളും ഒരു സിക്സുമടക്കം 52 റൺസെടുത്ത മിൻഹാസ് പാക് ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമായി മാറി. ഇവർക്ക് പുറമെ ടീമിൽ അരങ്ങേറ്റം കുറിച്ച നാലാമത്തെ താരമായ സാഖിബ് ഖാൻ രണ്ടാം ദിനം അവസാന നിമിഷം രണ്ട് വിക്കറ്റുകൾ വീഴ്ത്തി ബൗളിംഗിൽ തിളങ്ങിയിരുന്നു.
നേരത്തെ 1992ൽ ഇന്ത്യയ്ക്കെതിരെ ഹരാരെയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ സിംബാബ്വെയുടെ മൂന്ന് അരങ്ങേറ്റ താരങ്ങളായ ആൻഡി ഫ്ലവർ – 59, ഗ്രാന്റ് ഫ്ലവർ – 82, ഡേവ് ഹോട്ടൺ – 121 എന്നിവർ ഒരേ ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടിയിരുന്നു. എന്നാൽ അത് സിംബാബ്വെയുടെ ചരിത്രത്തിലെ തന്നെ ആദ്യ ടെസ്റ്റ് മത്സരമായിരുന്നു. ഇതോടെയാണ്, ആദ്യ ടെസ്റ്റ് പരമ്പരയല്ലാത്ത ഒരു മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ ടീമായി പാകിസ്ഥാൻ മാറിയത്.