ന്യൂഡൽഹി: ദേശീയ ഗീതമായ വന്ദേമാതരത്തിലെ ആറ് ചരണങ്ങളും നിർബന്ധമായി ആലപിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തിനെതിരായ ഹർജിയിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി സുപ്രീം കോടതി. പ്രമുഖ കർണാടക സംഗീതജ്ഞൻ ടി.എം. കൃഷ്ണ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ദേശീയ ബഹുമതികളെ അപമാനിക്കുന്നത് തടയുന്നതിനുള്ള 1971ലെ നിയമത്തിൽ 2026ൽ വരുത്തിയ ഭേദഗതിയിലെ സെക്ഷൻ 3ന്റെയും ജനുവരി 28, ജൂലൈ 9 തീയതികളിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉത്തരവുകളുടെയും ഭരണഘടനാ സാധുതയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
2026ലെ ഭേദഗതി പ്രകാരം ദേശീയ ഗാനമോ ദേശീയ ഗീതമോ ആലപിക്കുന്നത് മനഃപൂർവം തടസപ്പെടുത്തുകയോ ആലാപനത്തിൽ ഏർപ്പെട്ടിരിക്കുന്ന സദസ്സിന് ശല്യമുണ്ടാക്കുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാം.
ഔദ്യോഗിക പ്രോട്ടോക്കോൾ നിശ്ചയിക്കുന്നതിനപ്പുറം പൗരന്മാരെ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളും ആലപിക്കാൻ നിർബന്ധിക്കുന്ന തരത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവുകളെന്നാണ് ടി.എം. കൃഷ്ണയുടെ ഹർജിയിലെ വാദം. പുതിയ ക്രിമിനൽ ശിക്ഷാ വ്യവസ്ഥയും കർശന നിർദേശങ്ങളും ചേർന്നതോടെ ആറ് ചരണങ്ങളും പാടാൻ ജനങ്ങൾ നിയമപരമായി നിർബന്ധിതരാകുന്ന സാഹചര്യമുണ്ടാകുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.