‘ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി പൊതുജനങ്ങളെ വഞ്ചിക്കുന്നു’; ചേരുവകൾ വിശദീകരിച്ച് നടിയുടെ കുറിപ്പ്

ഐസ്‌ക്രിം, കേക്ക്, പുഡ്ഡിംഗ് തുടങ്ങിയവയിലെ സ്ഥിരസാന്നിദ്ധ്യമാണ് ബട്ടർസ്‌കോച്ച്. എന്നാൽ, 'ബട്ടർസ്‌കോച്ച്' എന്ന പേരിന്റെ യഥാർത്ഥ അർത്ഥം എന്താണ്? ബട്ടർ, സ്‌കോച്ച് എന്നിവയുമായി ഈ ഫ്ലേവറിന് എന്താണ് ബന്ധം?. ഇത്തരമൊരു കൗതുകകരമായ ചോദ്യമാണ് നടി താര ദേശ്‌പാണ്ഡെ സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി ആളുകളെ വഞ്ചിക്കുകയാണെന്നും അതിൽ ബട്ടറോ സ്‌കോച്ചോ അടങ്ങിയിട്ടില്ലെന്നും താരം തമാശയായി കുറിച്ചു.

'ഷോക്കിംഗ്' ബട്ടർസ്‌കോച്ച് ഐസ്‌ക്രീം വർഷങ്ങളായി പൊതുജനങ്ങളെ വഞ്ചിക്കുകയാണ്. അതിൽ വെണ്ണയുമില്ല, സ്‌കോച്ചുമില്ല. ആരെങ്കിലും തുക്കാറാം മുണ്ടയെ അറിയിക്കാമോ?' എന്നായിരുന്നു താരയുടെ കുറിപ്പ്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടയെ പരാമർശിച്ചുള്ള തമാശ മാത്രമായിരുന്നു ഇതെങ്കിലും പോസ്റ്റ് വലിയ ശ്രദ്ധ നേടിയതോടെ ബട്ടർസ്‌കോച്ചിന്റെ യഥാർത്ഥ ചരിത്രത്തെക്കുറിച്ചും ചർച്ചകൾ സജീവമായി. പിന്നാലെ താര ഇതിന്റെ പശ്ചാത്തലം വിവരിക്കുന്ന ഒരു വലിയ കുറിപ്പും പങ്കുവച്ചു.

നമ്മൾ കുട്ടിക്കാലം മുതൽ കരുതിയിരുന്നതുപോലെ ബട്ടർസ്‌കോച്ച് എന്നത് വെണ്ണയും സ്‌കോച്ചും ചേരുമ്പോഴുണ്ടാകുന്ന രുചിയല്ല. വെണ്ണ, പഞ്ചസാര, പഞ്ചസാര ശുദ്ധീകരണത്തിനിടെ ലഭിക്കുന്ന കട്ടിയുള്ള സിറപ്പായ ട്രിക്കിൾ എന്നിവ ഉപയോഗിച്ചായിരുന്നു ആദ്യകാലങ്ങളിൽ ബട്ടർസ്‌കോച്ച് തയ്യാറാക്കിയരുന്നത്. എന്നാൽ, 'ബട്ടർസ്‌കോച്ച്' എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ വിവരമില്ല. പ്രചാരത്തിലുള്ള സിദ്ധാതമനുസരിച്ച്, മിഠായി കട്ടിയാകുന്നതിന് മുൻപ് ചെറുകഷ്‌ണ‌ങ്ങളാക്കി മുറിക്കുന്ന 'സ്‌കോച്ചിംഗ്' രീതിയിൽ നിന്നാണ് 'സ്‌‌കോച്ച്' എന്ന പദം വന്നതെന്നാണ്.

താരയുടെ വിശദീകരണമനുസരിച്ച് ബട്ടർസ്‌കോച്ചിന്റെ ചരിത്രം 1817-ൽ ഇംഗ്ലണ്ടിലെ യോർക്ക്‌ഷയറിലെ ഡോൺകാസ്റ്ററിൽനിന്നാണ് തുടരുന്നത്. പാർക്കിൻസൺ എന്നയാളാണ് 'ബട്ടർ ഡ്രോപ്‌സ്' എന്ന പേരിലുള്ള മിഠായി നിർമ്മിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ കട 'ബട്ടർ സ്‌കോച്ച്' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ആ മിഠായിയുടെ പേരും ബട്ടർ‌സ്‌കോച്ച് എന്നായി മാറുകയായിരുന്നു.

യഥാർത്ഥത്തിൽ ബട്ടർസ്‌കോച്ച് ഒരു മിഠായി മാത്രമായിരുന്നെങ്കിലും ഇന്ത്യയിലെത്തിയതോടെ അതിന് പുതിയൊരു രൂപം ലഭിച്ചു. ഇന്ത്യക്കാരെ സംബന്ധിച്ച് ബട്ടർസ്‌കോച്ച് എന്നത് പ്രധാനമായും ഐസ്‌ക്രീമിന്റെ ഒരു പ്രത്യേക രുചിയാണ്. കാലക്രമേണ പുഡിംഗുകൾ, സോസുകൾ, ബേക്ക് ചെയ്‌ത മധുരപലഹാരങ്ങൾ എന്നിവയിലേക്കും ആ രുചി വ്യാപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *