മുതിർന്ന പൗരന്മാരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിക്കും. മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയ ബില്ലിൽ കർശന വ്യവസ്ഥകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മുതിർന്ന പൗരന്മാരുടെ പരിചരണത്തിനും സംരക്ഷണത്തിനും ഉത്തരവാദപ്പെട്ടവർ അവരെ ഒഴിവാക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ സമ്മതമില്ലാതെ വൃദ്ധസദനങ്ങളിലോ മറ്റ് സ്ഥലങ്ങളിലോ ഉപേക്ഷിക്കുന്നതും ശിക്ഷാർഹമാക്കും.
വയോധികരെ ശാരീരികമായോ മാനസികമായോ പീഡിപ്പിക്കുക, അവരുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾക്കും മൂന്ന് വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിക്കുന്ന വ്യവസ്ഥകൾ ബില്ലിലുണ്ട്.
സൊസൈറ്റി, ട്രസ്റ്റ്, കമ്പനി, ഏജൻസി തുടങ്ങിയ സ്ഥാപനങ്ങൾ മുതിർന്ന പൗരന്മാരുടെ സ്വത്ത് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയാൽ ബന്ധപ്പെട്ട ഡയറക്ടർമാർ, ട്രസ്റ്റിമാർ, മാനേജർമാർ, സെക്രട്ടറിമാർ എന്നിവരെയും കുറ്റക്കാരായി കണക്കാക്കും.
മുതിർന്ന പൗരന്മാരുടെ വ്യക്തിഗത സുരക്ഷയും സ്വത്തവകാശവും സംരക്ഷിക്കുന്നതിനൊപ്പം അവഗണനയും പീഡനവും തടയുകയാണ് ഭേദഗതി ബില്ലിന്റെ ലക്ഷ്യം.