വാതില്‍ തകര്‍ത്ത്‌ വീട്ടില്‍ കയറി പടയപ്പ ! ഉറങ്ങിക്കിടന്ന കുടുംബം രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്, മേല്‍ക്കൂരയും മുന്‍വാതിലും വീട്ടുപകരണങ്ങളും തകര്‍ത്തു

മൂന്നാര്‍: വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറി കാട്ടുകൊമ്പന്‍ പടയപ്പ, ഉറക്കത്തിനിടെ കുടുംബത്തിനുനേരേ ആക്രമണശ്രമം. മൂന്നാര്‍ ഗ്രഹാംസ്ലാന്‍ഡ്‌ എസ്‌റ്റേറ്റിലെ ന്യൂ ഡിവിഷനില്‍ പുലര്‍ച്ചെ വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തുകയറിയ പടയപ്പയുടെ ആക്രമണത്തില്‍നിന്ന്‌ സൂട്ടുസ്വാമിയുടെ കുടുംബം തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌.

ഇന്നലെ പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം. സൂട്ടുസ്വാമിയുടെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ്‌ പടയപ്പ അകത്തുകയറിയത്‌. മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന സൂട്ടുസ്വാമിയുടെ കട്ടില്‍ ആന വലിച്ചുനീക്കുകയും പുതപ്പ്‌ വലിച്ചെടുക്കുകയും ചെയ്‌തു.

ഭയന്ന സൂട്ടുസ്വാമി സമീപത്തുണ്ടായിരുന്ന മെഷീന്റെ പിന്നില്‍ ഒളിച്ചാണ്‌ രക്ഷപ്പെട്ടത്‌. ഭാര്യ ജയപാര്‍വതിയും ആനയുടെ ആക്രമണത്തില്‍നിന്ന്‌ അത്ഭുതകരമായി രക്ഷപ്പെട്ടു.

അടുത്ത ലയങ്ങളിലുള്ളവര്‍ ബഹളംവച്ച്‌ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പടയപ്പ പിന്‍വാങ്ങാന്‍ തയാറായില്ല. വീടിന്റെ മേല്‍ക്കൂരയും മുന്‍വാതിലും കട്ടിലും വീട്ടുപകരണങ്ങളും തകര്‍ത്ത ആന, പ്രദേശത്തെ പച്ചക്കറിക്കൃഷിയും വ്യാപകമായി നശിപ്പിച്ചു.

വിവരമറിയിച്ചതിനെത്തുടര്‍ന്നു വനംവകുപ്പിന്റെ ദ്രുതപ്രതികരണസംഘം സ്‌ഥലത്തെത്താന്‍ ശ്രമിച്ചെങ്കിലും വഴിയില്‍ തടിലോറി കുടുങ്ങിയതിനെത്തുടര്‍ന്നു സംഘത്തിന്റെ വരവ്‌ വൈകിയതായി പ്രദേശവാസികള്‍ ആരോപിച്ചു. ആന രാവിലെ അഞ്ചേമുക്കാലോടെയാണ്‌ പ്രദേശത്തുനിന്നു മാറിയത്‌.

ഉറക്കത്തിനിടെ നേരിട്ട ദുരനുഭവത്തില്‍നിന്നു സൂട്ടുസ്വാമിയും കുടുംബവും ഇനിയും മുക്‌തരായിട്ടില്ല. വന്യജീവി ശല്യത്തിനു ശാശ്വത പരിഹാരം കാണണമെന്നും ജനവാസമേഖലകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വനംവകുപ്പ്‌ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണു പ്രദേശവാസികളുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *