ന്യൂഡല്‍ഹി : മണിപുരിലെ ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ആർമി ക്യാപ്റ്റൻ മരിച്ചു. എട്ടാം ബിഹാർ റെജിമെന്റിലെ സൈനികർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മറ്റ് മൂന്ന് സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ലാംലായ് ചല്ലൗവിലാണ് അപകടമുണ്ടായത്. സൈനികരുമായി പോവുകയായിരുന്ന കവചിത വാഹനം നിയന്ത്രണം വിട്ട് ഇറ്റാം നദിയിലേക്ക് പതിക്കുകയായിരുന്നു. കുറച്ചുനേരം വാഹനം വെള്ളത്തിൽ മുങ്ങിക്കിടന്നു. അപകടത്തിനു പിന്നാലെ രക്ഷാപ്രവർത്തനം നടത്തി പരുക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എന്നാൽ, ഗുരുതരമായി പരുക്കേറ്റിരുന്ന 29കാരനായ ക്യാപ്റ്റൻ ഹനുമാൻ റാം ആശുപത്രിയിൽ വച്ച് മരണത്തിനു കീഴടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.മാലി ജയേഷ് ഹിമ്മത്ത് (24), രാകേഷ് സർപതേ (37), അഖിലേഷ് കുമാർ ഷാ (19) എന്നിവരാണ് പരുക്കേറ്റ സൈനികര്‍ മൂന്ന് പേരുടെയും നില ഗുരുതരമായി തുടരുകയാണെന്നും ഇവർ തീവ്രപരിചരണത്തിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു..