വിദ്യാർത്ഥിയുടെ മൊട്ടത്തലയിൽ തബല വായിച്ച് അദ്ധ്യാപകൻ; വീഡിയോ വൈറലായതോടെ സസ്‌പെൻഷൻ

ലക്‌നൗ: വിദ്യാർത്ഥിയുടെ മൊട്ടത്തലയിൽ തബല വായിക്കുന്നതുപോലെ കൈകൊണ്ട് തട്ടിക്കളിച്ച് പരിഹസിച്ച സർക്കാർ സ്‌കൂൾ അദ്ധ്യപകന് സസ്‌പെൻഷൻ. ക്ലാസ് മുറിയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലുള്ള ബിരൗലി ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ ഹെഡ്‌മാസ്റ്ററായ ദിനേഷ് കുമാർ മാഥൂറിനെയാണ് അധികൃതർ സസ്പെൻഡ് ചെയ്‌തത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കസേരയിലിരിക്കുന്ന അദ്ധ്യാപകന്റെ മുന്നിൽ ഒരു വിദ്യാർത്ഥി ഇരിക്കുന്നതു കാണാം. കുട്ടിയുടെ മൊട്ടത്തലയിൽ അദ്ധ്യാപകൻ കൈകൊണ്ട് ആവർത്തിച്ച് തട്ടുന്നത് തബല വായിക്കുന്നതുപോലെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ക്ലാസ് മുറിയിലുണ്ടായിരുന്ന മറ്റു കുട്ടികൾ സംഭവം കണ്ട് ചിരിക്കുന്നതും വീഡിയോയിലുണ്ട്.

വിദ്യാർത്ഥി അടുത്തിടെയാണ് തല മൊട്ടയടിച്ചതെന്നാണ് വിവരം. കുട്ടിയുടെ രൂപത്തെ പരിഹാസവിഷയമാക്കിയ അദ്ധ്യാപകൻ സംഭവം ചിത്രീകരിച്ച് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചതായും റിപ്പോർട്ടുകളുണ്ട്. പിന്നാലെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. നിലവിലെ സസ്‌പെൻഷൻ പ്രാഥമിക നടപടിയാണെന്നും അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *