വിവാഹേതരബന്ധം വെളിപ്പെടുത്തുമെന്ന് എപ്സ്റ്റീന്‍ ഭീഷണിപ്പെടുത്തി; ബില്‍ ഗേറ്റ്സിന്റെ വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍: ജെഫ്രി എപ്സ്റ്റീനുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അമേരിക്കന്‍ കോണ്‍ഗ്രസ് കമ്മിറ്റിക്ക് മുന്നില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉപയോഗിച്ച് എപ്സ്റ്റീന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതായി ഹൗസ് ഓവര്‍സൈറ്റ് ആന്‍ഡ് ഗവണ്‍മെന്റ് റിഫോം കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ ഗേറ്റ്സ് പറഞ്ഞു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയെക്കുറിച്ച് തനിക്ക് അന്ന് പൂര്‍ണ്ണമായ അറിവുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തന്റെ വിവാഹേതര ബന്ധങ്ങള്‍ തന്റെ കുടുംബത്തിന് വലിയ വേദനയുണ്ടാക്കിയ ഒന്നാണെന്ന് ഗേറ്റ്സ് പറഞ്ഞു. ഇത്തരം വഴിവിട്ട ബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും അതിനോടൊപ്പം സ്വയം മെനഞ്ഞെടുത്ത നുണകളും ഉപയോഗിച്ച് തന്നെ സമ്മര്‍ദ്ദത്തിലാക്കാനും ബന്ധം തുടരാനും എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നു. എപ്സ്റ്റീനുമായി തനിക്ക് വ്യക്തിപരമായ യാതൊരു ബന്ധവുമില്ലായിരുന്നെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് ശേഖരണത്തെക്കുറിച്ചും മാത്രമാണ് തങ്ങള്‍ സംസാരിച്ചിരുന്നതെന്നും ഗേറ്റ്സ് കമ്മിറ്റിക്ക് മുന്നില്‍ ആവര്‍ത്തിച്ചു.
താന്‍ ഒരിക്കലും എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപുകളിലോ അദ്ദേഹത്തിന്റെ ഫ്‌ലോറിഡയിലെ വീടുകളിലോ പോയിട്ടില്ലെന്നും ഗേറ്റ്സ് മൊഴി നല്‍കി. 2011-ലാണ് എപ്സ്റ്റീനുമായുള്ള ബന്ധം ആരംഭിക്കുന്നത്. ആഗോള ആരോഗ്യ മേഖലയിലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് എപ്സ്റ്റീന്‍ വഴി സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ചര്‍ച്ചകള്‍ നടത്തിയത്. എന്നാല്‍ എപ്സ്റ്റീന്റെ വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കുകളാണെന്ന് മനസ്സിലായതോടെ 2014-ല്‍ താന്‍ ആ ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചുവെന്ന് ഗേറ്റ്സ് മൊഴി നല്‍കിയിട്ടുണ്ട്.
എപ്സ്റ്റീന്റെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് താന്‍ ഒരിക്കലും സാക്ഷിയായിട്ടില്ലെന്നും അത്തരത്തിലുള്ള യാതൊരു സൂചനകളും തനിക്ക് ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എപ്സ്റ്റീന്റെ സാമ്പത്തിക ഇടപാടുകളിലോ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളിലോ അദ്ദേഹത്തിന് യാതൊരു പങ്കും ഉണ്ടായിരുന്നില്ല. തന്റെ ഫൗണ്ടേഷന്‍ വഴി വലിയ സഹായങ്ങള്‍ വാഗ്ദാനം ചെയ്താണ് എപ്സ്റ്റീന്‍ തന്നെ സമീപിച്ചിരുന്നതെന്നും എന്നാല്‍ അത് നടക്കില്ലെന്ന് കണ്ടപ്പോള്‍ താന്‍ കൂടിക്കാഴ്ചകള്‍ നിര്‍ത്തിയെന്നും ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.

 

 

Leave a Reply

Your email address will not be published. Required fields are marked *