വൈഭവോ സഞ്ജുവോ? ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ട്വന്റി-20 ഇന്ന്; ആരാധകരുടെ ശ്രദ്ധ യുവതാരത്തിലേക്ക്

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ കൗമാര താരം വൈഭവ് സൂര്യവംശി ഇടംപിടിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി ഏഴിനാണ് മത്സരം. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നെങ്കിലും വൈഭവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു താരം.

ഓപ്പണിംഗ് സ്ഥാനത്തേക്കാണ് വൈഭവിനെ പ്രധാനമായും പരിഗണിക്കുന്നത്. അഭിഷേക് ശർമയ്‌ക്കൊപ്പം വൈഭവ് ഇറങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഈ സ്ഥാനത്തേക്ക് മലയാളി താരം സഞ്ജു സാംസണും മുൻ തൂക്കമുണ്ട്. ഏഷ്യൻ ഗെയിംസിൽ അഭിഷേക് ശർമയും വൈഭവും ചേർന്നാണ് ഇന്ത്യക്കായി ഇന്നിംഗ്സ് ആരംഭിച്ചത്. സഞ്ജുവും അന്ന് ടീമിന്റെ ഭാഗമായിരുന്നു. എന്നാൽ ലക്നൗവിലെ ആദ്യ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിൽ സഞ്ജുവിനാണ് മുൻതൂക്കം.

മുൻ ഇന്ത്യൻ താരം ചേതേശ്വർ പൂജാരയും സഞ്ജുവിനെയാണ് പിന്തുണച്ചത്. മികച്ച പ്രകടനം നടത്തുന്ന താരത്തെ പ്രതിഭാധനനായ യുവതാരത്തിന് അവസരം നൽകാൻ പുറത്തിരുത്തേണ്ടതില്ലെന്നാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ 'ഗെയിം പ്ലാൻ' പരിപാടിയിൽ പൂജാര പറഞ്ഞത്. സഞ്ജു നിലവിൽ കരിയറിന്റെ മികച്ച ഘട്ടത്തിലാണെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള കഴിവ് അദ്ദേഹം ഇതിനകം തെളിയിച്ചിട്ടുണ്ടെന്നും പൂജാര ചൂണ്ടിക്കാട്ടി.

അതേസമയം പരമ്പരയിൽ അഞ്ച് ട്വന്റി-20 മത്സരങ്ങളുള്ളതിനാൽ വൈഭവിന്റെ അരങ്ങേറ്റം അൽപ്പം വൈകിയാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ടീമിൽ റൊട്ടേഷൻ നടപ്പാക്കാൻ ഇന്ത്യ ആലോചിക്കുന്നതായി ബൗളിംഗ് കോച്ച് മോർണി മോർകെൽ വ്യക്തമാക്കിയിട്ടുണ്ട്.

'ഗൗതം ടീമിൽ മാറ്റങ്ങൾ വരുത്താൻ നോക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'- മത്സരത്തിന് മുന്നോടിയായി മോർകെൽ പറഞ്ഞു. അവസാന ഇലവൻ സംബന്ധിച്ച തീരുമാനം സെലക്ടർമാരും പരിശീലകനും ക്യാപ്ടനും ചേർന്നാണ് എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ട്വന്റി-20 ലോകകപ്പിനായി ഏറ്റവും മികച്ച ടീമിനെ ഒരുക്കുകയാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. അതിനാൽ മുൻ മത്സരങ്ങളിൽ കളിച്ച അതേ ഇലവനെ തന്നെ നിലനിർത്തുന്നതിനു പകരം പുതിയ കോമ്പിനേഷനുകൾ പരീക്ഷിക്കാനും സാധ്യതയുണ്ട്.

ഇന്ത്യയുടെ സാധ്യതാ ഇലവൻ

അഭിഷേക് ശർമ,​ സഞ്ജു സാംസൺ,​ ഇഷാൻ കിഷൻ,​ ശ്രേയസ് അയ്യർ (ക്യാപ്ടൻ)​,​ തിലക് വർമ്മ,​ ശിവം ദുബെ,​ നിതീഷ് കുമാർ റെഡ്ഡി,​ അക്സർ പട്ടേൽ,​ കുൽദീപ് യാദവ്,​ അർഷ്ദീപ് സിംഗ്,​ പ്രിൻസ് യാദവ്.

Leave a Reply

Your email address will not be published. Required fields are marked *