വൈറ്റ് ഹൗസ് വിലക്ക് ഭരണഘടനാവിരുദ്ധം; ട്രംപിന്റെ ഉത്തരവിന് കോടതിയുടെ സ്റ്റേ

വാഷിംഗ്ടൻ: പ്രമുഖ മാധ്യമ സ്ഥാപനങ്ങളായ സിഎൻഎൻ, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ ഏർപ്പെടുത്തിയ പ്രവേശന വിലക്ക് നീക്കാൻ യുഎസ് ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ടിം കെല്ലിയുടെ നടപടി. മാധ്യമങ്ങളുമായുള്ള പോരാട്ടത്തിൽ ട്രംപിന് കനത്ത തിരിച്ചടിയാണ് വിധി.

സെപ്റ്റംബർ 18ന് ട്രംപ് പ്രഖ്യാപിച്ച വിലക്കിനെതിരെ മാധ്യമ സ്ഥാപനങ്ങൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. മാധ്യമപ്രവർത്തകരുടെ പ്രസ് പാസുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും അടുത്ത 14 ദിവസത്തേക്ക് വിലക്ക് നടപ്പാക്കുന്നതിൽ നിന്ന് ഉദ്യോഗസ്ഥരെ തടയണമെന്നും ജഡ്ജി നിർദേശിച്ചു.

സുരക്ഷാ കാരണങ്ങളാണ് വിലക്കിന് പിന്നിലെന്ന സർക്കാരിന്റെ വാദവും കോടതി അംഗീകരിച്ചില്ല. മാധ്യമ റിപ്പോർട്ടുകളിലെ വസ്തുതാന്വേഷണത്തിന്റെ കുറവും നിഷേധാത്മക സമീപനവുമാണ് വിലക്കിന് കാരണമെന്ന് ട്രംപ് തന്നെ വ്യക്തമാക്കിയിരുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി.

മുൻകൂട്ടി അറിയിക്കാതെയും വിശദീകരണം നൽകാൻ അവസരം നൽകാതെയുമാണ് മാധ്യമപ്രവർത്തകരുടെ പാസുകൾ റദ്ദാക്കിയതെന്ന് മാധ്യമ സ്ഥാപനങ്ങളുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *