ശബരിമലയില്‍ കൂട്ട വെർച്വൽക്യൂ ബുക്കിംഗ് 66,000; പമ്പ വഴി 40,064 പേര്‍ മാത്രം; ‘ദുരൂഹത​​’ പിന്നില്‍ അന്യസംസ്ഥാന ട്രാവൽ ഏജൻസികള്‍ ? മാസ് ബുക്കിംഗ് നിർത്തലാക്കിയേക്കും

പത്തനംതിട്ട: ശബരിമലയില്‍ അന്യസംസ്ഥാന ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നടത്തുന്നതായി പൊലീസിന്റെ വിലയിരുത്തല്‍. തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി ട്രാവല്‍ ഏജന്‍സികള്‍ സ്ലോട്ട് കൂട്ടത്തോടെ ബുക്ക് ചെയ്യുകയാണ്. വെര്‍ച്വല്‍ ക്യൂ കൂപ്പണ്‍ പ്രിന്റ് എടുത്ത് തീര്‍ത്ഥാടകര്‍ക്ക് വില്‍ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മാസ് ബുക്കിംഗ് നിര്‍ത്തലാക്കി ബുക്കിംഗ് രീതി പരിഷ്‌കരിക്കാന്‍ പൊലീസ്, ദേവസ്വം ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്കുചെയ്യുന്നവരെ കണ്ടെത്താന്‍ ദേവസ്വംബോര്‍ഡ് സൈബര്‍ ഫൊറന്‍ഫൊറന്‍സിക് വിദഗ്ധരുടെ സഹായം തേടി. വന്‍കിട ട്രാവല്‍ ഏജന്‍സികളെ ആണ് സംശയം. ഇന്നലത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 66,000. പക്ഷെ പമ്പ വഴി കടന്നു വന്നത് 40,064പേര്‍ മാത്രം. കുറവ്26000. ഇതിലെ ദുരൂഹത കണ്ടെത്താനാണ് ശ്രമം. വെര്‍ച്വല്‍ ക്യൂ കൂട്ടമായി ബുക്ക് ചെയ്യുന്നവരുടേയും റദ്ദാക്കുന്നവരുടേയും ഐ.പി.അഡ്രസുകള്‍ കണ്ടെത്താന്‍ സൈബര്‍ ഫൊറന്‍സിക് സഹായം തേടി. ബോട്ടുകളോ വിപിഎന്നോ ഉപയോഗിക്കുന്നവരെയും കണ്ടെത്തും. ബുക്കിങ് തുടങ്ങുന്ന ഉടന്‍ ഏജന്‍സികള്‍ പലരുടെ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കൂട്ടത്തോടെ ബുക്ക് ചെയ്യും.ഇന്നലെ ബുക്ക് ചെയ്തതില്‍ നിന്ന് 26000 തീര്‍ഥാടകരാണ് കുറഞ്ഞത്. ഭക്തര്‍ കുറഞ്ഞ സാഹചര്യത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 5000 കൂടി കൂട്ടി.

അതേസമയം ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുകയാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് നടതുറന്നത് മുതല്‍ ഒന്‍പതിനായിരത്തിലധികം പേര്‍ ദര്‍ശനം നടത്തി. ഇന്ന് മുതല്‍ മുപ്പതാം തീയതി വരെ അധികമായി 5,000 പേര്‍ക്ക് വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാം. സ്‌പോട്ട് ബുക്കിംഗ് എണ്ണവും ആനുപാതികമായി വര്‍ധിപ്പിക്കും.ശബരിമല തീര്‍ഥാടനം കൂടുതല്‍ സുരക്ഷിതവും സുഗമവും സൗകര്യപ്രദവുമാക്കുന്നതിനായി 'ശരണ്‍' (SARAN) ആപ്പ് നിലവിൽ വന്നിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിലെ ഐ ടി വിഭാഗമാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ആപ്ലിക്കേഷന്റെ ഔദ്യോഗിക പ്രകാശനം തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി നിര്‍വഹിച്ചു. ശബരിമലയിലേക്കുള്ള പാതകളിലെ ഇടത്താവളങ്ങള്‍, അവിടെ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങള്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക അറിയിപ്പുകള്‍ എന്നിവ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ തീര്‍ഥാടകരിലേക്ക് എത്തിക്കുകയാണ് ആപ്പിന്റെ ലക്ഷ്യം.

സർക്കാർ ഉത്തരവുകൾ കാണൂ

Leave a Reply

Your email address will not be published. Required fields are marked *