സ്‌കൂൾ റീയൂണിയനിൽ കണ്ടുമുട്ടിയതിന് പിന്നാലെ പ്രണയം; സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്നു

ചെന്നൈ: സ്‌കൂൾ സഹപാഠിയായ സ്‌ത്രീയെയും ഒരു പുരുഷനെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. തമിഴ്നാട്ടിലെ തിരുപ്പത്തൂർ ജില്ലയിൽ ഇന്നലെയാണ് ഇരട്ട കൊലപാതകം നടന്നത്. സംഭവത്തിൽ സഞ്ജയ് ഗാന്ധിയെന്നയാളാണ് (35) അറസ്റ്റിലായത്. തിരുവണ്ണാമലയിലെ സ്‌കൂളിൽ സ‌ഞ്ജയ്‌‌യുടെ ഒപ്പം പഠിച്ച മാലിനിയാണ് (31) കൊല്ലപ്പെട്ടവരിൽ ഒരാൾ. കഴിഞ്ഞവർഷം സ്‌കൂൾ റീയൂണിയനിൽ കണ്ടുമുട്ടിയ ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാലിനി വിവാഹിതയാണ്.

കുറച്ച് നാളുകളായി മാലിനി സഞ്ജയ്‌യെ ഒഴിവാക്കാൻ ശ്രമിച്ചതാണ് കൊലയ്ക്ക് കാരണമായത്. മാലിനി തന്റെ മൂത്ത സഹോദരിയുടെ ബന്ധുവും അവിവാഹിതനുമായ രഞ്ജിത് കുമാ‌ർ (30) എന്നയാളുമായി അടുപ്പത്തിലായതാണ് തന്നെ ഒഴിവാക്കാൻ കാരണമെന്ന് സഞ്ജയ് വിശ്വസിച്ചു. തുടർന്ന് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ഒരു സ്ഥലം സന്ദർശിക്കാനെത്തിയ മാലിനിയെയും രഞ്ജിത്തിനെയും കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ സഞ്ജയ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഞ്ജയ്‌യെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു.

സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലെ ക്രമസമാധാന നില തകർന്നതായി ആരോപിച്ച് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഉപമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്തെത്തി. മുഖ്യമന്ത്രി വിജയ് ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഡമ്മി മുഖ്യമന്ത്രി കുറ്റം ചുമത്തൽ തന്ത്രങ്ങളും റീൽ ഒപ്റ്റിക്സും ഉപയോഗിക്കുന്നതിന് പകരം ക്രമസമാധാനം സ്ഥാപിക്കാൻ മുന്നോട്ട് വരണമെന്ന് ഉദയനിധി വിമർശിച്ചു. സഞ്ജയ് തിരുവണ്ണാമലയിലെ സജീവ ടിവികെ പ്രവർത്തകനാണ്.

Leave a Reply

Your email address will not be published. Required fields are marked *