കൊച്ചി: സ്വകാര്യ ബസുകള്‍ തമ്മിലുളള ഓട്ടപ്പാച്ചിലും സമയക്രമം തെറ്റുമ്പോഴുള്ള റോഡിലെ അപകടകരമായ മത്സരയോട്ടവും അവസാനിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്ടിഎ). ഒരേ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ തമ്മിലുളള സമയവ്യത്യാസം റോഡിലെ ഗതാഗതസാഹചര്യങ്ങള്‍ക്കും തിരക്കിനും അനുസരിച്ച് തത്സമയം ക്രമീകരിക്കുന്ന ഡൈനാമിക് ടൈം ഷെഡ്യൂളിങ് സംവിധാനമാണ് നടപ്പിലാക്കുന്നത്.
ബസുകളുടെ തത്സമയ സഞ്ചാരവിവരങ്ങള്‍ കേരള ബസ് പോലുള്ള ആപ്പുകളുടെ സഹായത്തോടെ ശേഖരിച്ചാണ് ഇത് സാധ്യമാക്കുന്നത്. ഗതാഗതക്കുരുക്കും യാത്രക്കാരുടെ തിരക്കും കാരണം കടലാസിലെ സ്ഥിരം ടൈംടേബിള്‍ പാലിക്കാന്‍ കഴിയാത്തതിനാലാണ് സാഹചര്യം നോക്കി സമയം മാറ്റുന്ന ആശയത്തിലേക്ക് എസ്ടിഎ എത്തിച്ചേര്‍ന്നത്. പുതിയ സംവിധാനത്തില്‍ റൂട്ടിലെ മറ്റു ബസുകളുടെ സഞ്ചാരം കണക്കിലെടുത്ത് മുന്നിലെ ബസ് എവിടെയെത്തി, പിന്നിലെ ബസ് എത്ര ദൂരെയുണ്ട് എന്ന് ഡ്രൈവര്‍മാര്‍ക്ക് ആപ്പിലൂടെ മനസ്സിലാക്കാം. അതോടൊപ്പം ഓരോ സ്റ്റോപ്പിലും എത്ര സമയം നില്‍ക്കണം, എപ്പോള്‍ പുറപ്പെടണം എന്ന നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് ഡാഷ്‌ബോര്‍ഡ് കണ്‍സോള്‍ വഴി നേരിട്ട് ലഭിക്കും.
ഒരേ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ നഗരമേഖലയില്‍ കുറഞ്ഞത് അഞ്ചു മിനിറ്റും ഗ്രാമീണ മേഖലയില്‍ പത്തു മിനിറ്റും ഇടവേള വേണമെന്നാണ് 2025 ഓഗസ്റ്റ് എട്ടിന് എസ്ടിഎ എടുത്ത തീരുമാനം. യാത്രക്കാര്‍ക്കും മൊബൈല്‍ ആപ്പിലൂടെ ഏതു സമയത്ത് ഏതു ബസ് ലഭിക്കുമെന്ന് മുന്‍കൂട്ടി അറിയാനാകും. 2026 നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം മുതല്‍ ഈ സംവിധാനം നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം. ഇത് നടപ്പിലാകുന്നതോടെ പുതിയ പെര്‍മിറ്റുകള്‍ക്ക് സമയം നിശ്ചയിക്കാന്‍ നടത്തുന്ന ദീര്‍ഘമേറിയ ടൈമിങ് കോണ്‍ഫറന്‍സുകള്‍ക്കും വിരാമമാകും.