സൗദി അറേബ്യയിലേയ്ക്ക് യാത്ര പോകരുത്; അപകടസാദ്ധ്യത, ലെവൽ 4 മുന്നറിയിപ്പുൾപ്പെടെ പുറപ്പെടുവിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: ഇറാൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേയ്ക്ക് യാത്ര ചെയ്യുന്നതിൽ പൗരന്മാ‌ർക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക. ഇറാന്റെ ഡ്രോണുകളും മിസൈൽ ആക്രമണങ്ങളും കണക്കിലെടുത്താണ് മുന്നറിയിപ്പ്. സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ‘ലെവൽ 3’ മുന്നറിയിപ്പ് ഇന്നലെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ചത്. യെമനിലെ ചില പ്രദേശങ്ങളെ ‘ലെവൽ 4’ ( ഒരിക്കലും യാത്ര ചെയ്യരുത്) എന്ന മുന്നറിയിപ്പിന് കീഴിലും ഉൾപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയെ വീണ്ടും ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ ആക്രമിക്കുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകുന്നു. ആക്രമിക്കപ്പെട്ട ഡ്രോണുകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങൾ പതിക്കുന്നതും അപകടസാദ്ധ്യയുണ്ടാക്കും. യെമനുമായി അതിർത്തി പങ്കിടുന്ന മേഖകളിലെ ഊർജ, സൈനിക കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന യുഎസ് പൗരന്മാർക്കാണ് കൂടുതൽ അപകടസാദ്ധ്യതയെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
സൗദി അറേബ്യയിലെ തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചും അമേരിക്ക മുന്നറിയിപ്പ് നൽകി. സൗദിയിൽ എപ്പോൾ വേണമെങ്കിലും തീവ്രവാദ ആക്രമണമുണ്ടാകും. അവധിദിവസങ്ങളിലാണ് ഇത് കൂടുതലും ഉണ്ടാവുകയെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.
സൗദിയിൽ ജോലി ചെയ്യുന്ന യുഎസ് പൗരന്മാർക്ക് സുരക്ഷാ കാരണങ്ങളാൽ യെമൻ അതിർത്തിക്ക് 20 മൈൽ പരിധിക്കുള്ളിൽ യാത്ര ചെയ്യുന്നതിന് അനുമതി നിഷേധിച്ചു. സൗദി നഗരമായ ഖാത്തിഫിലേയ്ക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ പാടില്ല. ജിസാൻ, ആസിർ, നജ്‌റാൻ തുടങ്ങിയ പ്രവിശ്യകളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്നും അമേരിക്കൻ സർക്കാരിന്റെ നിർദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *