റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഹൂതികളുടെ ഭീഷണിക്കിടെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ബങ്കറുകളുള്ള അതീവ സുരക്ഷയുള്ള കൊട്ടാരങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് ‘വാൾസ്ട്രീറ്റ് ജേർണൽ’ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട മേഖലയിലെ തുടരെയുള്ള സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ നീക്കം.
കഴിഞ്ഞയാഴ്ച ദേശീയ രക്തദാന ക്യാമ്പയിന്റെ ഭാഗമായി രക്തം ദാനം ചെയ്തതായിരുന്നു കിരീടാവകാശിയുടെ അവസാനത്തെ പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, 41 കാരനായ കിരീടാവകാശിയെ സംരക്ഷിക്കുന്നത് പ്രത്യേകമായി തിരഞ്ഞെടുത്ത സുരക്ഷാ സംഘമാണ്.
റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഹൂതികൾ ഇതുവരെ കുറഞ്ഞത് നാല് തവണയെങ്കിലും ആക്രമിച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന ആക്രമണമായിരുന്നു ഇതിൽ അതിരൂക്ഷമായത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്. 2015 – ൽ ഹൂതികൾക്കെതിരെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാരിനെ സൗദി രാജകുമാരൻ പിന്തുണച്ചതോടെയാണ് യെമനിലെ ആഭ്യന്തരയുദ്ധത്തിൽ സൗദിയും എത്തിപ്പെട്ടത്. ഇത് സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങൾക്കും റിയാദ് പോലുള്ള നഗരങ്ങൾക്കുമെതിരെയുള്ള ഹൂതികളുടെ ആക്രമണങ്ങൾക്ക് വഴിതെളിക്കുകയും ചെയ്തു.
ഇറാനുമായുള്ള ഏറ്റുമുട്ടൽ തുടരുമ്പോഴാണ് ഹൂതികളും സൗദിയെ നേരിട്ട് ആക്രമിക്കുന്നത്. തങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾക്ക് മേലുള്ള കടന്നാക്രമണം പ്രതിരോധിക്കാൻ ബുദ്ധിമുട്ടുന്ന സൗദി അമേരിക്കയുടെ നേരിട്ടുള്ള ഇടപെടൽ ആഗ്രഹിക്കുന്നു. ഹൂതികളെ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ ഇസ്രയേൽ സൗദിയുമായി ചേർന്ന് ആക്രമണപദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്.
എന്നാൽ, അമേരിക്കയുടെ ഇടപെടൽ സംഘർഷം കൂടുതൽ വ്യാപിപ്പിക്കാനും നിർണായകമായ ആഗോള ചരക്കുഗതാഗത പാതയ്ക്ക് ഭീഷണിയാകാനും ഇടയാക്കിയേക്കാം. യെമന് സമീപം ചെങ്കടലിനെ ഏദൻ ഉൾക്കടലുമായി ബന്ധിപ്പിക്കുന്ന ബാബ് എൽ-മന്ദബ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെടുത്താൻ ഹൂതികൾ ശ്രമിച്ചേക്കാം. ഹോർമുസിനു പിന്നാലെ ബാബ് എൽ-മന്ദബ് കടലിടുക്കിലും ചരക്ക് നീക്കം തടസ്സപ്പെടുന്നത് ആഗോള ഊർജ്ജവിപണിയെ പ്രതികൂലമായി ബാധിക്കും.