15 ശതമാനം മഴക്കുറവ്‌; കൊടുംവരള്‍ച്ചയിലേക്ക്‌ രാജ്യം നീങ്ങുന്നു, കാര്‍ഷികമേഖല, ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് നെല്‍കൃഷിയെ

തിരുവനന്തപുരം: രാജ്യം കൊടും വരള്‍ച്ചയിലേക്കു നീങ്ങുന്നതായി മുന്നറിയിപ്പ്‌. 2015-16 കാലത്തെക്കാള്‍ രൂക്ഷമായ വരള്‍ച്ചയ്‌ക്കാണ്‌ 2026-27 സാക്ഷ്യംവഹിക്കുക. മണ്‍സൂണ്‍ പിന്‍വാങ്ങിത്തുടങ്ങിയതോടെ ഇതുവരെ 15 ശതമാനത്തിലേറെ മഴക്കുറവുണ്ടായി.

വരള്‍ച്ച കേരളത്തെയും സാരമായി ബാധിക്കും. ഐ.ഐ.ടി ഗാന്ധിനഗറിന്റെ സെപ്‌റ്റംബര്‍ 16ലെ ഇന്ത്യ ഡ്രോട്ട്‌ മോണിറ്റര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ 52.5 ശതമാനം പ്രദേശത്തും വരള്‍ച്ചാ സാഹചര്യമാണുള്ളത്‌. ഒരു മാസം മുമ്പ്‌ ഇത്‌ 38.9 ശതമാനമായിരുന്നു. ഒറ്റ മാസത്തിനിടെ 13.6 ശതമാനത്തിന്റെ വര്‍ധന. ഇത്‌ അസാധാരണമാണെന്ന്‌ ഐ.ഐ.ടി ബോംബെയിലെ കാലാവസ്‌ഥാ പഠനകേന്ദ്രം ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഉഷ്‌ണമേഖലാ പസഫിക്‌ സമുദ്രത്തില്‍ എല്‍ നിനോ ശക്‌തിപ്രാപിച്ചപ്പോള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനകം തന്നെ അസാധാരണ വരള്‍ച്ചയാണ്‌ അനുഭവപ്പെട്ടത്‌. എല്‍ നിനോ പ്രതിഭാസം പൂര്‍ണമായി രൂപപ്പെട്ടുകഴിഞ്ഞു. 2027 ഫെബ്രുവരി വരെ ഇത്‌ തുടരുമെന്നും ലോക കാലാവസ്‌ഥാ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഇത്‌ മഴയിലും താപനിലയിലും വലിയ വ്യത്യാസങ്ങള്‍ക്ക്‌ കാരണമായേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജൂണ്‍ ഒന്നുമുതല്‍ സെപ്‌റ്റംബര്‍ 22 വരെ രാജ്യത്ത്‌ സാധാരണ ലഭിക്കേണ്ടത്‌ 832.4 മില്ലിമീറ്റര്‍ മഴയാണ്‌. കിട്ടിയത്‌ 706.9 മില്ലിമീറ്റര്‍ മഴയും. 15 ശതമാനത്തോളം കുറവ്‌. രാജ്യത്തെ 42 ശതമാനം പ്രദേശത്ത്‌ സാധാരണ മഴ ലഭിച്ചപ്പോള്‍ 41 ശതമാനം പ്രദേശങ്ങളിലും സീസണിലെ മഴയില്‍ കുറവ്‌ രേഖപ്പെടുത്തി. വരണ്ട ഇടവേളകള്‍ കൂടിയത്‌ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. പടിഞ്ഞാറന്‍ ഇന്ത്യയില്‍ 79 ശതമാനവും തെക്കന്‍ ഇന്ത്യയില്‍ 67 ശതമാനവും വരള്‍ച്ചാ സാഹചര്യത്തിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്‌. തീരദേശ ആന്ധ്രയില്‍ 37%, റായലസീമയില്‍ 43%, കേരളത്തില്‍ 28%, മറാത്ത്‌വാഡയില്‍ 36% എന്നിങ്ങനെയാണ്‌ മഴയില്‍ രേഖപ്പെടുത്തിയ കുറവ്‌.

മണ്‍സൂണ്‍ മഴയിലുണ്ടായ കുറവ്‌ കേരളത്തില്‍ കര്‍ക്കിടക മാസത്തില്‍ പോലും പ്രതിഫലിച്ചത്തോടെ ഗുരുതര പ്രതിസന്ധിയാണ്‌ കേരളത്തെ കാത്തിരിക്കുന്നത്‌. സംസ്‌ഥാനത്തേയും അയല്‍ സംസ്‌ഥാനത്തേയും നെല്‍കൃഷിയെയാണ്‌ മഴക്കുറവ്‌ ഏറ്റവും കുടുതല്‍ പ്രതിസന്ധിയിലാക്കുന്നത്‌. മറ്റ്‌ കൃഷികളെയും ബാധിച്ചിട്ടുണ്ടെങ്കിലും സെപ്‌റ്റംബര്‍ 11 വരെ കൃഷിസ്‌ഥല വിസ്‌തൃതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.05 ലക്ഷം ഹെക്‌ടറാണ്‌ കുറഞ്ഞത്‌. കേരളത്തിലെന്നപോലെ കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര തുടങ്ങിയ സംസ്‌ഥാനങ്ങളില്‍ നെല്‍കൃഷി വിസ്‌തൃതിയില്‍ ഇതിനകം വലിയ കുറവുണ്ട്‌. ഈ പ്രദേശങ്ങളില്‍ വരള്‍ച്ചാ സാഹചര്യം തുടരുമെന്നാണ്‌ ഐഐടി ബോംബെയിലെ ഗവേഷകര്‍ നടത്തിയ പ്രവചനം.

മണ്‍സൂണ്‍ കാലത്തെ തുടര്‍ച്ചയായ മഴയ്‌ക്ക് പകരം ഇടവിട്ട്‌ പെയ്യുന്ന മഴയും മഴകള്‍ക്കിടെയിലെ ദീര്‍ഘമായ വരണ്ട ഇടവേളകളുമായിരുന്നു ഇത്തവണത്തെ മണ്‍സൂണിന്റെ പ്രത്യേകത. ആന്ധ്രപ്രദേശ്‌, പഞ്ചാബ്‌, ഹരിയാന, മഹാരാഷ്‌ട്ര, പശ്‌ചിമ ബംഗാള്‍, വടക്കന്‍ കര്‍ണാടക, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ആഴ്‌ചകളോളം വരണ്ട കാലാവസ്‌ഥ നിലനിന്നു. രാജ്യത്തെ 55 – 60 ശതമാനം വരെ കൃഷിയിടങ്ങള്‍ ജലത്തിനായി മഴയെ ആശ്രയിക്കുന്നതിനാല്‍ വിളകളുടെ ഉല്‍പ്പാദനത്തെയും വരാനിരിക്കുന്ന കാര്‍ഷിക സീസണിനെയും ഈ വരള്‍ച്ച വലിയ തോതില്‍ ബാധിച്ചേക്കാമെന്നും അതേസമയം, ഉഷ്‌ണമേഖലാ പസഫിക്കില്‍ എല്‍ നിനോ ശക്‌തിപ്പെടുന്നത്‌ വരും മാസങ്ങളിലും മഴയിലും താപനിലയിലും അസാധാരണമായ വ്യത്യാസങ്ങള്‍ സൃഷ്‌ടിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിലവില്‍ തെക്ക്‌ പടിഞ്ഞാറാന്‍ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ ആരംഭിച്ചതോടെ കേരളത്തിലും വന്‍മഴക്കുറവ്‌ ആണ്‌ ഉണ്ടായിരിക്കുന്നത്‌.

ജി. അരുണ്‍

Leave a Reply

Your email address will not be published. Required fields are marked *