100% എഥനോൾ കാറുകൾ വരുന്നു; ഇന്ധനച്ചെലവ് ലിറ്ററിന് ₹25 വരെ കുറയും: ഗഡ്കരി

ന്യൂഡൽഹി: പെട്രോളിന് പകരം 100 ശതമാനം എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളിലേക്ക് മാറിയാൽ ഇന്ധനച്ചെലവ് ഗണ്യമായി കുറയ്ക്കാനാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. 100 ശതമാനം എഥനോളിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ പ്രവർത്തനച്ചെലവ് ലിറ്ററിന് 25 രൂപ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ ഉപയോഗിക്കാതെ എഥനോളിൽ മാത്രം ഓടുന്ന കാർ ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി.

ടൊയോട്ടയുടെ എഥനോൾ ഫ്ലെക്സ് ഫ്യൂവൽ ഇന്നോവയാണ് ഒക്ടോബറിൽ വിപണിയിലെത്തുന്നത്. എഥനോൾ എൻജിനൊപ്പം ഇലക്ട്രിഫൈഡ് പവർട്രെയിനും വാഹനത്തിലുണ്ടാകും. ഓട്ടത്തിനിടെ 60 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കാറിന് കഴിയുമെന്നും മന്ത്രി പറഞ്ഞു. 19 രാജ്യങ്ങളിൽ ഇതിനകം എഥനോൾ ഇന്ധനമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് വാഹനങ്ങളിലെ പരാതികൾ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രൂഡ് ഓയിൽ ഇറക്കുമതിയും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് എഥനോൾ ഇന്ധനമായി ഉപയോഗിക്കാൻ കേന്ദ്രം തീരുമാനിച്ചത്. എഥനോൾ ഉൽപ്പാദനം കർഷകർക്കും സാമ്പത്തിക നേട്ടമുണ്ടാക്കും. ചോളം ഉൾപ്പെടെയുള്ള കാർഷിക ഉൽപ്പന്നങ്ങളിൽ നിന്ന് എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ കർഷകർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *