44 വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ‘ചൈനയെ കീഴടക്കി ’ ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം

കഖമിഗഹാര : ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിലെ 44 വർഷത്തെ സ്വർണവരൾച്ച അവസാനിപ്പിച്ച് ടീം ഇന്ത്യയ്ക്ക് ചരിത്ര സ്വർണം. ഫൈനൽ പോരാട്ടത്തിൽ ചൈനയെ 1–0നു കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണ മെഡൽ നേടിയത്. ഇതോടെ 2028 ലൊസാഞ്ചലസ് ഒളിംപിക്സിനും ഇന്ത്യൻ വനിതാ ടീം യോഗ്യത നേടി.

ചൈനയുടെ നീക്കങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും ഇന്ത്യൻ വനിതകൾ ആദ്യ ക്വാർട്ടറിൽ തന്നെ മുന്നേറി. മത്സരത്തിന്റെ പത്താം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെലെത്തി. ലാൽറെംസിയാമിയാണ് ഗോളടിച്ചത്. ഇന്ത്യൻ താരത്തെ സംബന്ധിച്ച് സവിശേഷ നിമിഷം കൂടിയായിരുന്നു ചൈനയ്‌ക്കെതിരായ ഗോൾ. അന്താരാഷ്ട്ര കരിയറിലെ 200-ാമത്തെ മത്സരമായിരുന്നു അത്. ആ മത്സരത്തിൽ തന്നെ ഗോളടിച്ച് ഇന്ത്യയെ മുന്നിലെത്തിക്കാൻ താരത്തിനായി. ആദ്യക്വാർട്ടറിൽ മികച്ച അവസരങ്ങൾ കണ്ടെത്താൻ ചൈനയ്ക്ക് സാധിച്ചില്ല. ഒരു ഗോളിന് ആദ്യ ക്വാർട്ടറിൽ ഇന്ത്യ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ചൈന മുന്നേറ്റം ശക്തമാക്കി. തുടക്കത്തിൽ തന്നെ ചൈനയ്ക്ക് രണ്ട് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യ പ്രതിരോധിച്ചു. മാത്രമല്ല പെനാൽറ്റി സ്‌ട്രോക്ക് ലഭിച്ചെങ്കിലും അതും ഇന്ത്യൻ ഗോൾവല കടന്നില്ല. ഉഗ്രൻ സേവുമായി സവിത രക്ഷയ്ക്കെത്തി. ആദ്യപകുതിയും ഇന്ത്യ ലീഡ് നിലനിർത്തി. മൂന്നാം ക്വാർട്ടറിലും ചൈന മുന്നേറ്റങ്ങൾ തുടർന്നെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചുനിന്നു. അതോടെ മത്സരം അവസാനക്വാർട്ടറിലേക്ക് നീണ്ടു.

അതേസമയം 1982ൽ ആണ് ഇതിനു മുൻപ് വനിതാ ഹോക്കിയിൽ ഇന്ത്യ‌ സ്വർണം നേടുന്നത്. 1998ലും 2018ലും ആണ് വനിതാ ടീം ഇതിനു മുൻപു ഫൈനലിൽ കടന്നത്. രണ്ടു തവണയും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു. ഇത്തവണ സെമിയിൽ ദക്ഷിണ കൊറിയയെ 2–0നു തോൽപിച്ചാണ് ഇന്ത്യ കലാശക്കളിക്കു യോഗ്യത നേടിയത്. പാരിസ് ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളായ ചൈന ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ, മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ദക്ഷിണ കൊറിയയെ ഷൂട്ടൗട്ടിൽ 4-2 ന് തോൽപ്പിച്ച് ജപ്പാൻ വെങ്കലം സ്വന്തമാക്കി.-

Leave a Reply

Your email address will not be published. Required fields are marked *