സോഫിയ: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. കപ്പൽ മുങ്ങിയതിനെ തുടർന്ന് ജീവനക്കാരെ കാണാതായി. നാറ്റോ സഖ്യരാജ്യമായ ബൾഗേറിയയുടെ തീരത്തിന് സമീപം ചൊവ്വാഴ്ചയാണ് സംഭവം.
അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ആക്രമണമെന്ന് ബൾഗേറിയൻ പ്രധാനമന്ത്രി റുമെൻ രാദേവ് പറഞ്ഞു. എന്നാൽ ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
കിഴക്കൻ ബൾഗേറിയയിലെ തീരദേശ പട്ടണമായ ബയാലയിൽ നിന്ന് 112 കിലോമീറ്ററോളം അകലെവച്ചാണ് ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. കാണാതായ ജീവനക്കാർക്കായി തെരച്ചിൽ ഊർജിതമാക്കി.
യുക്രെയ്‌നുമായുള്ള യുദ്ധം തുടരുന്നതിനിടെ റഷ്യ നടത്തുന്ന ഹൈബ്രിഡ് ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് സംഭവം. ബൾഗേറിയൻ സമുദ്രാതിർത്തിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഇത്തരത്തിലുള്ള ആദ്യ ആക്രമണമാണിതെന്നാണ് ഷിപ്പിംഗ് മേഖലയിലെ റിപ്പോർട്ടുകൾ.