സ്വന്തമായി വീടും സ്ഥലവുമുണ്ടായിട്ടും പെണ്ണുകിട്ടുന്നില്ല: മുഖ്യമന്ത്രിക്ക് മുന്നിൽ പരാതിയുമായി യുവാവ്

ബംഗളൂരു: സ്വന്തമായി വീടും സ്ഥലവുമുണ്ടായിട്ടും പെണ്ണുകിട്ടുന്നില്ലെന്ന് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിനോട് പരാതി പറ‌ഞ്ഞ് യുവാവ്. മൈസൂരു ജില്ലയിലെ പെരിയപട്ടണത്തിൽ ശനിയാഴ്ച നടന്ന ജനസമ്പർക്ക പരിപാടിയിലാണ് വ്യത്യസ്തമായ പരാതിയുമായി കർഷകനായ യുവാവ് ഡികെ ശിവകുമാറിന് മുന്നിലെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സ്വന്തമായി വീടും സ്ഥലവുമുണ്ടായിട്ടും കർഷകരായ യുവാക്കൾക്ക് പെൺകുട്ടികളെ വിവാഹം ചെയ്തുകൊടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും 35നും 40നും ഇടയിൽ പ്രായമുള്ള പല കർഷകരായ യുവാക്കളും വിവാഹം നടക്കാത്തതിനെ തുടർന്ന് ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിക്കുകയാണെന്നും യുവാവ് ഡികെ ശിവകുമാറിനോട് പറഞ്ഞു.

എല്ലാ‌വർക്കും ആഹാരം നൽകുന്ന കർഷകന് ആരും പെൺമക്കളെ വിവാഹം കഴിച്ചുകൊടുക്കുന്നില്ലെന്നും സർക്കാർ, കോർപ്പറേറ്റ് അല്ലെങ്കിൽ ഉയർന്ന ശമ്പളമുള്ള ജോലികളുള്ള യുവാക്കളെയാണ് പെൺകുട്ടികളുടെ കുടുംബം തിരഞ്ഞെടുക്കുന്നതെന്നും യുവാവ് കൂട്ടിച്ചേർത്തു. ഇത്തരത്തിൽ വിവാഹം കഴിക്കാൻ വധുവിനെ ലഭിക്കാത്തത് നിരവധിപേരുടെ ജീവിതത്തെ ബാധിക്കുന്ന വിഷയമാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും യുവാവ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.

ഇതിന് മുൻപും ഈ വിഷയം കർണാടകയിൽ ചർച്ചായിട്ടുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തുമകൂർ ജില്ലയിലെ കുനിഗൽ മണ്ഡലത്തിലെ എംഎൽഎ എച്ച് ഡി രംഗനാഥ് കർഷകരെ വിവാഹം കഴിക്കുന്ന സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യക്ക് കത്തെഴുതിയത് വലിയ ചർച്ചയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *