കല്ലമ്പലം: തിരുവനന്തപുരം കല്ലമ്പലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിളിമാനൂര്‍ മുളയ്ക്കലത്തുകാവ് അന്‍സാര്‍ – സീന ദമ്പതികളുടെ മകന്‍ ആഷിഖാണ് മരിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആഷിഖ്.
കഴിഞ്ഞ ദിവസം രാത്രിയാണ് കല്ലമ്പലത്ത് ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഭാഗത്തെ റോഡില്‍ ഉപേക്ഷിക്കപ്പെട്ട സ്വിഫ്റ്റ് കാറിനുളളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിനുളളില്‍ ചാര്‍ക്കോള്‍ പോലുളള വസ്തു കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടുദിവസമായി ആഷിഖിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷം പോലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.