കാസർകോട് കേന്ദ്ര സ‌ർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധം വന്ദേമാതരത്തിനെതിരായ നീക്കം, കർശന നടപടിയെന്ന് ഗവർണർ

കാസർകോട്: കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാറിനെതിരെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ വിമർശനവുമായി ഗവർണർ. ഇന്നലെ നടന്ന പ്രതിഷേധത്തിന് പിന്നിൽ ചില അജണ്ടകളുണ്ട്. വന്ദേമാതരത്തിനെതിരായ നീക്കമാണുണ്ടായത്. പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പറഞ്ഞു. പരിപാടിയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്ദേമാതരം നമ്മുടെ അഭിമാനമാണ്, എന്നും അങ്ങനെതന്നെ തുടരും. ആർക്കും അത് തടയാനാകില്ല. വന്ദേമാതരത്തെ തടയാനുള്ള ചിന്തകളെ ഭൂമിക്കടിയിലേയ്ക്ക് കുഴിച്ചുമൂടണം. വന്ദേമാതരത്തിനെതിരെ പറയുന്നവർ മുന്നോട്ട് വരട്ടെ. നമ്മളും ഇവിടെ ശക്തമായി ഉറച്ചുനിൽക്കും. ഈ പ്രതിഷേധങ്ങളിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. വന്ദേമാതരത്തെക്കുറിച്ച് പഠിക്കാനുള്ള ഉത്തരവാദിത്തം കേന്ദ്ര സർവകലാശാലക്കുണ്ടെന്നും ഗവർണർ വ്യക്തമാക്കി.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ഇന്നലെയും ഇന്നുമായി ദ്വിദിന ദേശീയ സെമിനാർ നടക്കുന്നത്. സാഹിത്യ അക്കാഡമിയും അഖില ഭാരതീയ സാഹിത്യ പരിഷത്തും കേന്ദ്ര സർവകലാശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആർ.എസ്.എസിന്റെ ബൗദ്ധിക വിഭാഗമായി പ്രവർത്തിക്കുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യപ്രഭാഷകനായി പങ്കെടുത്തതാണ് പ്രതിഷേധത്തിന് കാരണമായത്. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതിലും പ്രതിഷേധമുയർന്നിരുന്നു.

വിദ്യാർത്ഥികൾ തടയുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രജ്ഞാ പ്രവാഹിന്റെ ദേശീയ കൺവീനർ ജെ. നന്ദകുമാർ രാവിലെ എട്ടരയ്ക്ക് തന്നെ സർവ്വകലാശാലയിൽ എത്തിയിരുന്നു. പൊലീസ് സംരക്ഷണയിലാണ് ഇദ്ദേഹം അകത്ത് കയറിയത്. ഇദ്ദേഹത്തിനെ തടയുന്നതിനായി വിദ്യാർത്ഥികൾ നാല് ഗേറ്റുകളിലും രാവിലെ മുതൽ സമരം തുടങ്ങിയിരുന്നു. വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. പൊലീസുമായുള്ള ഉന്തും തള്ളിനുമിടെ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *